
മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം വിഭാഗം സമസ്ത സംഘടനകൾ. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ സിപിഎം നേതാക്കൾ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എസ്.എസ്.എഫും എസ്.വൈ.എസും പാർട്ടിക്കെതിരെ രംഗത്തെത്തിയത്.
പ്രത്യയശാസ്ത്ര ശാഠ്യം പാർട്ടി ക്ലാസുകളിൽ മതിയെന്നും പൊതുസമൂഹത്തിന് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷ കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള സമ്മതമല്ലെന്നും എസ്.എസ്.എഫ് പറഞ്ഞു. വിശ്വാസികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ലോകമെമ്പാടും പരാജയപ്പെട്ട് ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വരേണ്ടതില്ലെന്ന് എസ്.വൈ.എസും മുന്നറിയിപ്പ് നൽകി.
വിശ്വാസി സമൂഹത്തിന്റെ ആചാര മര്യാദകൾക്ക് നേരെ കപട പുരോഗമനത്തിന്റെ ക്ലാസ് എടുക്കുന്ന പാർട്ടി നേതാക്കളുടെ ഇരട്ടത്താപ്പ് ദാരിദ്ര്യവും പരിഹാസ്യവുമാണെന്നും എസ്.വൈ.എസ് വിമർശിച്ചു. ഇത്തരം നിലപാടുകൾ സംഘടനയുടെ ശേഷിക്കുന്ന പിന്തുണകൂടി ഇല്ലാതാക്കാനാണ് ഉപകരിക്കുകയെന്നും എസ്.വൈ.എസ് വ്യക്തമാക്കി.
