Home » Blog » Kerala » ഓപ്പറേഷൻ സിന്ദൂരിനിടെ പാക്കിസ്ഥാന്റെ നിരീക്ഷണ വിമാനം 314 കിലോമീറ്റർ ദൂരത്തിൽ തകർത്ത ഭീകരൻ ‘എസ്-400’ ; ‘സുദർശന്റെ’ കരുത്ത് കൂട്ടാൻ, ഇന്ത്യക്ക് അഞ്ച് യൂണിറ്റുകൾ കൂടി വിൽക്കാൻ തയ്യാറായി റഷ്യ
10

ന്യൂഡൽഹി: ഇന്ത്യയ്ക്ക് അഞ്ച് എസ്-400 ‘ട്രയംഫ്’ വ്യോമപ്രതിരോധ മിസൈൽ സംവിധാനങ്ങൾ കൂടി വിൽക്കാൻ റഷ്യ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ വ്യോമസേനയ്ക്കായി കൂടുതൽ ദീർഘദൂര ഉപരിതല- വ്യോമ മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിനുള്ള ടെൻഡറിന് മറുപടിയായാണ് റഷ്യയുടെ പുതിയ നിർദേശം.

ഇന്ത്യൻ സേനയിൽ ‘സുദർശൻ’ എന്ന പേരിൽ അറിയപ്പെടുന്ന എസ്-400 സംവിധാനം ഓപ്പറേഷൻ സിന്ദൂരിനിടെ നിർണായക പ്രകടനം കാഴ്ചവെച്ചതായാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാനിൽ നിന്നുള്ള വിവിധ വ്യോമ ഭീഷണികളെ വിജയകരമായി തടഞ്ഞതോടെ അഞ്ച് എസ്-400 സ്ക്വാഡ്രണുകൾ കൂടി സ്വന്തമാക്കാൻ ഇന്ത്യ തീരുമാനിച്ചതായാണ് വിവരം.

കിർഗിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പുതിയ പ്രതിരോധ ഇടപാടും ചർച്ചയായത്. പ്രതിരോധം, ഊർജം ഉൾപ്പെടെ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയും ഇരു നേതാക്കളും വിലയിരുത്തി.

റഡാർ, മിസൈലുകൾ ഉൾപ്പെടെ നിരവധി ഘടകങ്ങൾ അടങ്ങിയതാണ് എസ്-400 സംവിധാനം. ഏകദേശം 400 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മിസൈലുകൾ ശത്രുവിന്റെ വിമാനങ്ങൾക്ക് അവരുടെ വ്യോമപരിധിയിൽ പോലും സുരക്ഷിതമായി പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാക്കുന്ന തരത്തിലാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂരിനിടെ എസ്-400 പാക്കിസ്ഥാന്റെ ഒരു നിരീക്ഷണ വിമാനം 314 കിലോമീറ്റർ ദൂരത്തിൽ തകർത്തതായി വെസ്റ്റേൺ എയർ കമാൻഡ് മേധാവി എയർ മാർഷൽ ജീതേന്ദ്ര മിശ്ര നേരത്തെ പറഞ്ഞിരുന്നു. ഉപരിതല-വ്യോമ മിസൈൽ ഉപയോഗിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ ആക്രമണങ്ങളിൽ ഒന്നായിരിക്കാം ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2018ൽ ഒപ്പുവെച്ച ആദ്യ കരാർ പ്രകാരം ഇന്ത്യയ്ക്ക് അഞ്ച് എസ്-400 യൂണിറ്റുകളാണ് ലഭിക്കേണ്ടിയിരുന്നത്. ഇതിൽ നാല് യൂണിറ്റുകൾ ഇതിനകം ഇന്ത്യയിലെത്തി. അഞ്ചാമത്തെയും അവസാനത്തെയും യൂണിറ്റ് നവംബറോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കരാർ ഒപ്പിട്ടാൽ ഏകദേശം മൂന്ന് വർഷത്തിന് ശേഷം അധിക എസ്-400 സംവിധാനങ്ങളുടെ വിതരണം ആരംഭിക്കാനാണ് സാധ്യത. കിഴക്കൻ, പടിഞ്ഞാറൻ അതിർത്തികളിൽ ഇവ വിന്യസിച്ച് ഇന്ത്യയുടെ ബഹുതല വ്യോമപ്രതിരോധ ശൃംഖല കൂടുതൽ ശക്തിപ്പെടുത്താനാണ് നീക്കം.

എസ്-400ന് പുറമെ റഷ്യയുടെ പ്രതിരോധ സഹകരണ പാക്കേജിൽ എസ്-500 പ്രൊമിതിയസ് സഹനിർമാണം, സുഖോയ്-57E സ്റ്റെൽത്ത് യുദ്ധവിമാനം, കലിബർ ക്രൂസ് മിസൈൽ ശേഷിയുള്ള കിലോ ക്ലാസ് അന്തർവാഹിനി, വൊറോനെഷ് തന്ത്രപ്രധാന മുന്നറിയിപ്പ് റഡാർ, ‘സൂപ്പർ സുഖോയ്’ എസ്‌യു-30 നവീകരണ പദ്ധതി തുടങ്ങിയവയും ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *