
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതീക്ഷകൾക്കപ്പുറം വളർച്ച കൈവരിച്ചതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വിജയമാണിതെന്ന് മോദി പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി സാമ്പത്തിക വളർച്ചയെക്കുറിച്ച് പ്രതികരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ തരംതാഴ്ത്തിക്കാണിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ആഗോളതലത്തിൽ സാമ്പത്തിക വെല്ലുവിളികളും അസ്ഥിരതയും തുടരുന്നതിനിടെയാണ് ഇന്ത്യ 7.8 ശതമാനം വളർച്ച കൈവരിച്ചത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആഗോള അസ്ഥിരതയും വിവിധ ഭാഗങ്ങളിലെ യുദ്ധങ്ങളും വിതരണശൃംഖലകളെ ബാധിച്ചിട്ടും ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. ഈ നേട്ടം രാജ്യത്തിന്റെ കൂട്ടായ ശക്തിയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം മികച്ച വളർച്ച കൈവരിക്കുമ്പോഴും ചിലർ നിരാശയിൽനിന്ന് അസത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു. രാജ്യത്ത് നിരാശയുടെയും അസത്യങ്ങളുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത്തരം ദുഷ്പ്രചാരണങ്ങളെയും പ്രതിസന്ധികളെയും മറികടക്കാൻ ഇന്ത്യയുടെ സാമ്പത്തിക അടിത്തറയ്ക്ക് കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
ആത്മനിർഭർ ഭാരത് യാഥാർഥ്യമാക്കാൻ ജനങ്ങൾ സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ‘വോക്കൽ ഫോർ ലോക്കൽ’ ജീവിതശൈലിയാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശയാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വിവാഹങ്ങൾ വിദേശത്ത് നടത്തുന്നതിന് പകരം ‘വെഡ് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നതിലും നിയന്ത്രണം വേണമെന്ന് മോദി പറഞ്ഞു. വരുംതലമുറയ്ക്കായി വികസിത് ഭാരത് കെട്ടിപ്പടുക്കാൻ 140 കോടി ജനങ്ങളും ഒരുമിച്ച് കഠിനാധ്വാനം ചെയ്യണമെന്ന ആഹ്വാനത്തോടെയാണ് പ്രധാനമന്ത്രി സന്ദേശം അവസാനിപ്പിച്ചത്.
