
ആദിത്യ വിനോദിനെ ബൗണ്ടറി കടത്തി ഇന്നിങ്സിന് തുടക്കമിട്ട ആനന്ദ് പിന്നീട് മികച്ച ഷോട്ടുകളിലൂടെ റൺ റേറ്റ് ഉയർത്തി. 30 പന്തിൽ നിന്ന് അർധസെഞ്ച്വറി പൂർത്തിയാക്കിയ താരത്തിന്റെ ഇന്നിങ്സിൽ ആറ് സിക്സറുകളും മൂന്ന് ഫോറും ഉൾപ്പെട്ടിരുന്നു. ആറാം ഓവറിൽ അബ്ദുൾ റമീസിനെയും തൊട്ടടുത്ത ഓവറിൽ ബിജു നാരായണനെയും താരം അതിർത്തി കടത്തി. തൃശൂർ ക്യാപ്റ്റൻ അഖിൽ എം.എസിനെതിരെ മൂന്ന് സിക്സറുകളും ആനന്ദ് നേടി.
നാലാം വിക്കറ്റിൽ അജു പൗലോസുമൊത്ത് 27 പന്തിൽ 49 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ആനന്ദിനായി. ഇതിൽ 40 റൺസും ആനന്ദിന്റെ സംഭാവനയായിരുന്നു.
ആനന്ദ് ക്രീസിൽ നിലയുറപ്പിച്ചതോടെ 12-ാം ഓവറിൽ കൊല്ലം നൂറ് കടന്നിരുന്നു. എന്നാൽ മുഹമ്മദ് ഇനാന്റെ പന്തിൽ ബിജു നാരായണന് ക്യാച്ച് നൽകി ആനന്ദ് മടങ്ങിയതോടെ കൊല്ലത്തിന് റൺസ് കണ്ടെത്താൻ വിഷമിക്കുന്ന കാഴ്ചയാണ് ഗ്രീൻഫീൽഡിൽ കണ്ടത്. വാലറ്റത്ത് 31 റൺസെടുത്ത അർജുൻ വേണുഗോപാലാണ് സ്കോർ 160-ൽ എത്തിച്ചത്. തൃശൂർ ടൈറ്റൻസിനായി ശരത് ചന്ദ്രപ്രസാദും ബിജു നാരായണനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.
മലപ്പുറം പുളിക്കലോടി സൗപർണിക ഭവനിൽ കെ. രാധാകൃഷ്ണന്റെ മകനാണ് ആനന്ദ് കൃഷ്ണൻ. കെ.സി.എൽ പ്രഥമ സീസണിൽ ആലപ്പി റിപ്പിൾസിനെതിരെ 66 പന്തിൽ പുറത്താകാതെ 138 റൺസെടുത്തതാണ് ടൂർണമെന്റിൽ താരത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ഒമ്പതാം മത്സരത്തിനിറങ്ങിയ കൊല്ലത്തിന് മുൻനിര തകർന്നപ്പോൾ താങ്ങായതും താരത്തിന്റെ ഈ ഇന്നിങ്സാണ്.
