Home » Blog » kerala Mex » വിജയിന്റെ ലഹരിവിരുദ്ധ പോരാട്ടം: പിന്തുണയുമായി കമൽഹാസനും വിശാലും
VIJAY-JOSEPH-680x450

ചെന്നൈ: തമിഴ്‌നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും പരിസരത്തുള്ള 717 മദ്യവിൽപന ശാലകൾ പൂട്ടാനുള്ള മുഖ്യമന്ത്രി വിജയ്‌യുടെ തീരുമാനത്തെ അഭിനന്ദിച്ച് ചലച്ചിത്ര ലോകം. തമിഴക വെട്രി കഴകം സർക്കാരിന്റെ നിർണ്ണായക നീക്കത്തെ പ്രശംസിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽഹാസനും നടികർ സംഘം ജനറൽ സെക്രട്ടറി വിശാലും രംഗത്തെത്തി.

മദ്യവിൽപന ഒരിക്കലും സർക്കാരിന്റെ ഉത്തരവാദിത്തമാകരുതെന്ന് വ്യക്തമാക്കിയ കമൽഹാസൻ, മുഖ്യമന്ത്രിയുടെ നടപടി സ്വാഗതാർഹമാണെന്ന് അഭിപ്രായപ്പെട്ടു. തമിഴ് കുടുംബങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലായിരിക്കുന്നത്. മദ്യത്തിന്റെ ഒഴുക്ക് തടയാൻ സർക്കാർ കാണിക്കുന്ന ഈ ഉത്തരവാദിത്തം തുടരണമെന്നും കൂടുതൽ മദ്യശാലകൾ ഘട്ടംഘട്ടമായി നിർത്തലാക്കണമെന്നും അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. ഡിഎംകെ സഖ്യകക്ഷിയായിരിക്കെത്തന്നെ വിജയ് സർക്കാരിന്റെ ജനക്ഷേമകരമായ തീരുമാനത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മടിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

വിജയ്‌യുടെ തീരുമാനത്തിന് നന്ദി പറഞ്ഞുകൊണ്ട് നടൻ വിശാൽ വൈകാരികമായ ഒരു വീഡിയോ സന്ദേശമാണ് പങ്കുവെച്ചത്. ‘നിങ്ങൾക്കുവേണ്ടി വിസിലടിക്കുന്നു’ എന്ന് കുറിച്ച അദ്ദേഹം, സ്കൂളുകൾക്കും ബസ് സ്റ്റാൻഡുകൾക്കും സമീപത്തെ മദ്യശാലകൾ പൂട്ടുന്നത് വഴി ആയിരക്കണക്കിന് പെൺകുട്ടികളുടെയും സ്ത്രീകളുടെയും ദുരിതത്തിന് അറുതിയാകുമെന്ന് ചൂണ്ടിക്കാട്ടി. ആർ.കെ നഗറിൽ താൻ നേരിട്ടുകണ്ട ഒരു പെൺകുട്ടിയുടെ പരാതി ഉദാഹരണമായി ചൂണ്ടിക്കാട്ടിയ വിശാൽ, ഈ തീരുമാനം പൊതുസമൂഹത്തിന്റെ വലിയൊരു വിഭാഗത്തിന് ആശ്വാസമേകുമെന്നും വിജയ് സർക്കാരിനെ സല്യൂട്ട് ചെയ്യുന്നുവെന്നും വ്യക്തമാക്കി.

ആരാധനാലയങ്ങൾ, സ്കൂളുകൾ തുടങ്ങിയവയുടെ 500 മീറ്റർ ചുറ്റളവിലുള്ള മദ്യശാലകൾ ഉടൻ പൂട്ടാനാണ് ടിവികെ സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ വിജയ് നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ലഹരി മാഫിയകൾക്കെതിരെയുള്ള കർശന നടപടി. അധികാരമേറ്റയുടനെ ഇത്തരം പ്രായോഗിക നടപടികളിലേക്ക് കടന്നത് തമിഴ് രാഷ്ട്രീയത്തിലും സിനിമാ മേഖലയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്