വയനാട് കള്ളാടി തുരങ്കപ്പാതാ മുഖത്തുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തം തികഞ്ഞ അനാസ്ഥയുടെ ഭാഗമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ തുറന്നടിച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകളും സുരക്ഷാ നിർദ്ദേശങ്ങളും പാടെ അവഗണിച്ച്, നിർമ്മാണ ചുമതലയുള്ള കമ്പനി കാട്ടിയ അനാസ്ഥ നാടിനെ നടുക്കുന്ന കൊടുംപാതകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ ദുരന്തത്തെക്കുറിച്ച് സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അവരിൽ നിന്ന് തന്നെ ഇരകൾക്ക് അർഹമായ നഷ്ടപരിഹാരം ഈടാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ ആശ്വാസ നടപടികളും സഹായങ്ങളും നൽകാൻ സർക്കാർ അടിയന്തരമായി മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അതേസമയം, അപകടത്തിന് കാരണം വെറും കനത്ത മഴയല്ലെന്നും നിർമ്മാണ ചുമതലയുള്ള കൊങ്കൺ റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നും മന്ത്രി ടി. സിദ്ദിഖും പ്രതികരിച്ചു. വരാനിരിക്കുന്ന കാലവർഷം മുന്നിൽക്കണ്ട് യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും കമ്പനി ഒരുക്കിയിരുന്നില്ല. നിർമ്മാണ സ്ഥലത്ത് നിന്ന് അപകടകരമായ രീതിയിൽ മണ്ണ് മാറ്റണമെന്ന് മുൻകൂട്ടി ആവശ്യപ്പെട്ടിട്ടും അതിന് കമ്പനി തയ്യാറായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ കാണാതായവർക്കായുള്ള തിരച്ചിലിനാണ് പ്രഥമ പരിഗണന നൽകുന്നത്. ദുരന്തബാധിത പ്രദേശം അഞ്ച് സോണുകളാക്കി തിരിച്ച് കൂടുതൽ യന്ത്രസാമഗ്രികളുടെ സഹായത്തോടെ തിരച്ചിൽ ശക്തമാക്കുമെന്നും, മുഖ്യമന്ത്രി എത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
