
വടകര പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന 13 പേർ ഉൾപ്പെടെ 120-ലധികം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സ്റ്റേഷനിൽ അതിക്രമിച്ചുകയറൽ, ആയുധമുപയോഗിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
തിരുവോണ ദിവസം പതിയാരക്കര മഞ്ചയിൽ കടവിൽ വെച്ച് ഡിവൈഎഫ്ഐ മേഖലാ ജോയിന്റ് സെക്രട്ടറി വിനൂപിനെ ലഹരി സംഘം മർദ്ദിച്ചതായി ആരോപിച്ചായിരുന്നു പ്രതിഷേധം. ഈ കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം സ്റ്റേഷിലേക്ക് മാർച്ച് നടത്തിയത്.
ഏകദേശം 150-ഓളം പ്രവർത്തകരെ തടയാൻ മുപ്പതോളം പൊലീസുകാർ മാത്രമാണുണ്ടായിരുന്നത്. ബാരിക്കേഡുകൾ തകർത്ത് സ്റ്റേഷനിലേക്ക് ഇരച്ചുകയറിയ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. സംഘർഷത്തിൽ സിവില്‍ പൊലീസ് ഓഫീസര്‍ ബിജുവിന്റെ കൈയ്ക്ക് പരിക്കേൽക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് സ്റ്റേഷൻ മുറ്റത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകർ, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഡിവൈഎസ്പി ഉറപ്പുനൽകിയതായി നേതാക്കൾ പ്രഖ്യാപിച്ചതോടെയാണ് പിരിഞ്ഞുപോയത്.
