മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം ലഭിക്കുമോ എന്ന കാര്യത്തിൽ പാർട്ടിനുള്ളിൽ ആശങ്ക ശക്തമാകുന്നു. മുൻപ് ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് അഞ്ചാം മന്ത്രിയെ അനുവദിച്ചിരുന്നെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ‘സാമുദായിക സന്തുലിതാവസ്ഥ’ വീണ്ടും ചർച്ചയാകുന്നത് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.
മന്ത്രിസ്ഥാനങ്ങളിലേക്ക് അഞ്ചുപേരുടെ പേരുകളാണ് നിലവിൽ ലീഗ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, ആബിദ് ഹുസൈൻ തങ്ങൾ, എൻ. ഷംസുദീൻ, പാറക്കൽ അബ്ദുള്ള കൂടാതെ, എ.കെ.എം. അഷ്‌റഫിനെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ ഇത്തവണ കർശനമായ മാർഗനിർദേശങ്ങൾ ലീഗ് പുറത്തിറക്കിയിട്ടുണ്ട്. മന്ത്രിമാർ ഏകപക്ഷീയമായി സ്റ്റാഫിനെ തീരുമാനിക്കാൻ പാടില്ല. മണ്ഡലം കമ്മിറ്റികളുടെയും പോഷക സംഘടനകളുടെയും അഭിപ്രായം തേടണം. ഉപജാപക സംഘങ്ങളുടെ സ്വാധീനത്തിലാകാതിരിക്കാൻജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം.
കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകൾ പുതിയ തലമുറയിലുള്‍പ്പെടെ അവമതിപ്പുണ്ടാക്കിയെന്ന് ലീഗ് വിലയിരുത്തുന്നു. എന്നാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. എക്സിറ്റ് പോളുകളിൽ സതീശന് ലഭിച്ച ജനപിന്തുണ കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
