കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും അത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീകളാണെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സംസ്ഥാനത്തെ നിലവിലെ ക്രമസമാധാന നില തകരാറിലാണെന്നും പകൽ സമയം പോലും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ഈ വികാരം വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. എൽഡിഎഫ് സർക്കാരിലെ മഹാഭൂരിപക്ഷം മന്ത്രിമാരും പരാജയപ്പെടും, പ്രത്യേകിച്ച് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ കേരളത്തെ തകർത്തു. ഈ രണ്ട് വകുപ്പുകളുടെയും മന്ത്രിമാർ പരാജയപ്പെടുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൂരിപക്ഷത്തിൽ വലിയ ഇടിവുണ്ടാകുമെന്നും എക്സിറ്റ് പോളുകളിൽ കാണുന്നത് യഥാർത്ഥ ജനവികാരമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
യുഡിഎഫിന് മികച്ച വിജയം ഉറപ്പാണെന്ന് മുരളീധരൻ അവകാശപ്പെട്ടു. 80 മുതൽ 100 സീറ്റുകൾ വരെ യുഡിഎഫിന് ലഭിക്കാൻ സാധ്യതയുണ്ട്. 80 സീറ്റുകളിൽ വിജയം സുനിശ്ചിതമാണ്. ബാക്കി 20 സീറ്റുകളിൽ ശക്തമായ മത്സരമാണ് നടന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
