Home » Blog » kerala Max » ലഹരി വില്ലനായി: കോഴിക്കോട് മകൻ അച്ഛനെ അടിച്ചുകൊന്നു
crime-copy-2

കോഴിക്കോട്: വെള്ളിപറമ്പിൽ ലഹരിയിൽ ആയ മകന്റെ അടിയേറ്റ് അച്ഛൻമരിച്ചു. വെള്ളിപറമ്പ് മക്കിനിയാട്ട് ശശിധരൻ (64) ആണ് മകന്റെ ആക്രമണത്തിൽ മരണപ്പെട്ടത്. പാതിരാത്രിയിൽ നടന്ന ഈ ക്രൂരകൃത്യം കോഴിക്കോട് നഗരത്തെയും പൊതുസമൂഹത്തെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്.

പുലർച്ചെ പന്ത്രണ്ടരയോടെയാണ് വെള്ളിപറമ്പിലെ വീട്ടിൽ നാടിനെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്. ലഹരിയുടെ പാരമ്യത്തിലായിരുന്ന മകൻ അഭിരാം അച്ഛൻ ശശിധരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുംമുമ്പേ തന്നെ അദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ മെഡിക്കൽ കോളേജ് പോലീസ് പ്രതിയായ മകൻ അഭിരാമിനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ശശിധരന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കാണ് മൃതദേഹം മാറ്റിയിരിക്കുന്നത്.