പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കുടുംബത്തിന്റെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനയെ പരിഹസിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ പരിഹാസം ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. “പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക്” എന്നാണ് അവർ കുറിച്ചത്.
ഇഡി നടപടിയെ രാഷ്ട്രീയമായ വേട്ടയാടലായിട്ടാണ് സി.പി.ഐ.എം കാണുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ പാർട്ടി തീരുമാനിച്ചു. ഓൺലൈനായി ചേർന്ന അടിയന്തര സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ കാണും. നഗരങ്ങളിൽ സി.പി.ഐ.എം പ്രവർത്തകർ ഇതിനകം തന്നെ തെരുവിലിറങ്ങിക്കഴിഞ്ഞു. ബിജെപി സർക്കാരിന്റെ ആസൂത്രിത നീക്കമാണിതെന്നും പാർട്ടി എക്സിൽ കുറിച്ചു. ഈ നീക്കത്തിൽ യുഡിഎഫിന് പങ്കുണ്ടോ എന്നും പാർട്ടി ചോദിക്കുന്നു. സിഎംആർഎൽ-എക്സാലോജിക് ഇടപാടിലെ ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി നീക്കം ശക്തമാക്കിയത്. മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകൾ, ശശിധരൻ കർത്തയുടെ വസതി, മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് എന്നിവയുൾപ്പെടെ പത്തിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
