കൊല്ലം: റെയിൽവേ ട്രാക്കിന് സമീപത്തുകൂടി ഹെഡ്‌ഫോൺ ധരിച്ച് അശ്രദ്ധമായി നടന്നുപോയ യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. അപകടത്തിൽ യുവാവിന്റെ ഇടതുകൈ അറ്റുപോയി. ആര്യങ്കാവ് കോട്ടവാസൽ തട്ടേക്കാട്ടിൽ ജോൺ തോമസ് (25) ആണ് അപകടത്തിൽപെട്ടത്.
ജൂലൈ 2 വ്യാഴാഴ്ച വൈകിട്ട് ആര്യങ്കാവ് കോട്ടവാസലിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. മൊബൈൽ ഫോണിൽ നോക്കി ഹെഡ്‌ഫോണും വെച്ച് റെയിൽവേ ട്രാക്കിനോട് ചേർന്ന് നടന്നുപോവുകയായിരുന്ന ജോൺ തോമസിനെ ലോക്കോ പൈലറ്റ് ദൂരെ നിന്നുതന്നെ കണ്ടിരുന്നു.
യുവാവ് അപകടമേഖലയിലാണെന്ന് മനസ്സിലാക്കിയ ലോക്കോ പൈലറ്റ് പലതവണ ഉച്ചത്തിൽ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകാൻ പരമാവധി ശ്രമിച്ചു. എന്നാൽ, കാതിൽ ഹെഡ്‌ഫോൺ ഉണ്ടായിരുന്നതിനാലും ശ്രദ്ധ പൂർണ്ണമായും ഫോണിലായിരുന്നതിനാലും ട്രെയിൻ വരുന്ന ശബ്ദമോ ഹോണടിയോ യുവാവ് അറിഞ്ഞതേയില്ല. ട്രാക്കിന് തൊട്ടടുത്തുനിന്ന് മാറാൻ കഴിയാതിരുന്ന യുവാവിനെ ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഇടതുകൈ അറ്റുപോവുകയും കാലുകൾക്കും പരിക്കേൽക്കുകയും ചെയ്തു. യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
