കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപകമായ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടിയന്തര മുന്നറിയിപ്പ്. കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 6-ന് കണ്ണൂർ, കാസർകോഡ് ജില്ലകളിലും ജൂലൈ 7-ന് കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലുമാണ് കനത്ത മഴയുടെ സൂചന നൽകി ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇന്ന് (ജൂലൈ 4) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ഉൾപ്പെടെ 11 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. വരും ദിവസങ്ങളിൽ ഇടുക്കി മുതൽ കാസർകോഡ് വരെയുള്ള ഒട്ടുമിക്ക ജില്ലകളിലും യെല്ലോ അലർട്ട് തുടരുമെന്നാണ് അറിയിപ്പ്.
മഴ അതിശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും നദിക്കരകളിലുള്ളവരും അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം. അപകടസാധ്യതയുള്ള മേഖലകളിലുള്ളവർ പകൽ സമയത്ത് തന്നെ ക്യാമ്പുകളിലേക്ക് മാറാൻ ശ്രദ്ധിക്കണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഒരു ‘എമർജൻസി കിറ്റ്’ കരുതുന്നത് നന്നായിരിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.
മഴ മുന്നറിയിപ്പ് മാറുന്നത് വരെ വെള്ളച്ചാട്ടങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. പുഴകളിലോ ജലാശയങ്ങളിലോ ഇറങ്ങാനോ, മീൻപിടിക്കാനോ, കുളിക്കാനോ പാടില്ല. പാലങ്ങൾക്ക് മുകളിൽ കയറി വെള്ളപ്പൊക്കം നോക്കുന്നതും സെൽഫി എടുക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ജലാശയങ്ങൾക്ക് സമീപമുള്ള റോഡുകളിലൂടെയുള്ള രാത്രികാല വ യാത്രകൾ പരമാവധി ഒഴിവാക്കുക. അടിയന്തര സഹായങ്ങൾക്കായി എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്/ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാണ്.
