
ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ആരാധകരും സിനിമാ ലോകവും അദ്ദേഹത്തെ സ്നേഹപൂർവ്വം ‘തേനിസൈ തെൻട്രൽ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ രാവിലെ 8.30-ഓടെ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു അന്ത്യം. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
1950 നവംബർ 20-ന് ദേവനേശൻ ചൊക്കലിംഗം എന്ന പേരിൽ ജനിച്ച ദേവ, തമിഴ് സിനിമയിലെ ശ്രദ്ധേയരായ സംഗീതജ്ഞരിൽ ഒരാളായിരുന്നു. തനതായ ശൈലിയിലുള്ള ഈണങ്ങളും നാടൻ പാട്ടുകളെ അടിസ്ഥാനമാക്കിയുള്ള സംഗീതവും അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നൂറുകണക്കിന് ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
ബാഷ, അണ്ണാമലൈ, ആസൈ, കാതൽ കോട്ടൈ, നേർക്കു നേർ, നിനൈത്തേൻ വന്തായി, പ്രിയമുടൻ, വാലി, കുഷി എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളിൽ ചിലതാണ്. മലയാളത്തിൽ ദ പ്രിൻസ്, കിങ് സോളമൻ, ഫാന്റം തുടങ്ങിയ സിനിമകൾക്ക് ദേവ സംഗീതം പകർന്നിട്ടുണ്ട്.
തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ‘ആസൈ’ എന്ന ചിത്രത്തിലെ മികച്ച സംഗീത സംവിധാനത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ദേവ നേടിയിട്ടുണ്ട്. സംഗീത സംവിധായകൻ ശ്രീകാന്ത് ദേവ അദ്ദേഹത്തിന്റെ മകനാണ്. സബേഷ്, മുരളി എന്നിവരാണ് ദേവയുടെ മറ്റ് മക്കൾ.
