Your Image Description Your Image Description

മുംബൈ: രൂപയെ രാജ്യാന്തര കറൻസിയാക്കുന്നത് ലക്ഷ്യമിട്ട് അയൽ രാജ്യങ്ങളിൽ രൂപയിൽ വായ്പ അനുവദിക്കാനുള്ള നീക്കവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അതത് രാജ്യങ്ങളിലെ ശാഖകള്‍ വഴി അവിടുത്തെ ഉപഭോക്താക്കള്‍ക്ക് രൂപയില്‍ വായ്പ അനുവദിക്കുന്നതിന് ആർബിഐ കേന്ദ്രാനുമതി തേടിയിട്ടുണ്ട്. ഇതാദ്യമായാണ് വിദേശ രാജ്യങ്ങളിൽ ഇന്ത്യന്‍ രൂപയില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള ആലോചനകൾ നടക്കുന്നത്. വ്യാപാരത്തിനായി രൂപയുടെ സ്വീകാര്യതയും ഉപയോഗവും പ്രോത്സാഹിപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം ഇതിനുള്ള ശുപാര്‍ശ കേന്ദ്ര ധനമന്ത്രാലയത്തിന് കൈമാറിയതായാണ് റിപ്പോർട്ട്. ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ രൂപയില്‍ വായ്പ അനുവദിക്കുന്നത് പരിഗണിക്കാനാണ് ആർബിഐയുടെ ശുപാര്‍ശ. അനുമതി ലഭിച്ചാൽ രൂപയിലുള്ള ഇടപാടുകള്‍ അതിര്‍ത്തികൾ കടന്നുയരും. നീക്കം വിജയിച്ചാൽ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള സാധ്യതകളും ഒരുപാടാണ്. വ്യാപാര ആവശ്യങ്ങള്‍ക്കാകും രൂപയില്‍ വായ്പ അനുവദിക്കുക. വിദേശത്ത് രൂപയില്‍ വായ്പ ലഭ്യമാക്കുന്നത്, രൂപയില്‍ വ്യാപാര ഇടപാടുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനും വിദേശ കറന്‍സികളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും സഹായിക്കും.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ ദക്ഷിണേഷ്യന്‍ വ്യാപാര ഇടപാടുകളില്‍ 90 ശതമാനവും ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായാണ്. വിദേശത്ത് രൂപയുടെ സ്വീകാര്യത ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ ശാഖകളില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് രൂപയില്‍ അക്കൗണ്ട് തുറക്കാന്‍ ആര്‍ബിഐ അനുമതി നല്‍കിയിരുന്നു. നിലവിൽ, ഇന്ത്യൻ ബാങ്കുകളുടെ വിദേശ ശാഖകൾ വിദേശ കറൻസികളിൽ വായ്പ നൽകുന്നതിൽ പരിമിതികൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത്തരം വായ്പകൾ പ്രധാനമായും ഇന്ത്യൻ സ്ഥാപനങ്ങൾക്കാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts