
ഡൽഹി : രാജ്യ തലസ്ഥാനത്ത് സ്ത്രീസുരക്ഷ കർശനമായി ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ അതിശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസ് മടിക്കരുത്. നടപടികളിൽ എതിർപ്പുകൾ ഉയർന്നേക്കാമെങ്കിലും പൊലീസ് സ്വന്തം കടമ കൃത്യമായി നിർവ്വഹിക്കണമെന്ന് ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഓരോ സ്ത്രീക്കും രാത്രിയിലെയടക്കം യാത്രകളിൽ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. നിർദ്ദേശങ്ങളും പദ്ധതികളും വെറും കടലാസുകളിൽ മാത്രം ഒതുങ്ങരുതെന്നും, അത് പ്രയോഗത്തിൽ വരുത്തി ഫലപ്രദമായ നടപടികളിലേക്ക് പോലീസ് അടിയന്തരമായി കടക്കണമെന്നും കോടതി വ്യക്തമാക്കി. സാമൂഹ്യവിരുദ്ധരുടെയും കുറ്റവാളികളുടെയും മനസ്സുകളിൽ ഭയം സൃഷ്ടിക്കാതെ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ‘ഇനി കുറ്റം ചെയ്താൽ മരണം ഉറപ്പ്’ എന്ന തരത്തിലുള്ള ഭയം കുറ്റവാളികളിൽ ഉണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു.
പൊതുസ്ഥലങ്ങളിലും പാർക്കുകളിലും സി സി ടി വി നിരീക്ഷണം കൂടുതൽ ശക്തമാക്കാനും ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. കേസ് വീണ്ടും നവംബർ 16 ന് പരിഗണിക്കുന്നതിനായി മാറ്റി. ഡൽഹിയിൽ അടുത്തിടെ നടന്ന ബലാത്സംഗ സംഭവങ്ങളെക്കുറിച്ച് സ്വമേധയാ സമർപ്പിച്ച കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിർണ്ണായക പരാമർശം.
ഓരോ സ്ത്രീയും രാത്രി 10 മണിക്ക് മെട്രോയിലൂടെയോ റോഡിലൂടെയോ നടക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ സുരക്ഷിതത്വം അനുഭവിക്കണമെന്ന് കോടതി ഊന്നിപ്പറഞ്ഞു.
