തിരുവനന്തപുരം: മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കിടെ രമേശ് ചെന്നിത്തലയെ കുറിച്ച് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മന്ത്രിസഭാ രൂപീകരണത്തിൽ രമേശ് ചെന്നിത്തല എന്താണ് ആഗ്രഹിക്കുന്നതോ അതിന് വേണ്ട പരിഗണന ഉണ്ടാകുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.
രമേശ് ചെന്നിത്തല കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണെന്നും, തങ്ങളെപ്പോലുള്ള പലരെയും രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന നേതാവാണ് അദ്ദേഹമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
“സ്ഥാനങ്ങൾക്കായി ബാർഗെയിൻ നടത്തി എന്തെങ്കിലും നേടിയെടുത്ത വ്യക്തിയല്ല രമേശ് ചെന്നിത്തല. ആവശ്യങ്ങൾ ഉന്നയിച്ച് സമ്മർദ്ദം ചെലുത്തുന്ന നേതാവായിട്ടാണോ നിങ്ങൾ അദ്ദേഹത്തെ കാണുന്നത്?” എന്നായിരുന്നു മാധ്യമങ്ങളോടുള്ള കെ സി വേണുഗോപാലിന്റെ പ്രതികരണം.
രമേശ് ചെന്നിത്തലയുടെ അഭിപ്രായങ്ങൾക്കും നിലപാടുകൾക്കും പാർട്ടിയിൽ വലിയ പ്രാധാന്യമുണ്ടാകുമെന്നും, ആ കാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്നും കെസി കൂട്ടിച്ചേർത്തു. എല്ലാവരെയും ഒത്തൊരുമയോടെയും സന്തോഷത്തോടെയും മുന്നോട്ട് കൊണ്ടുപോകുന്ന രീതിയിലായിരിക്കും പാർട്ടിയുടെ നീക്കമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
