
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ടാം പിണറായി സർക്കാർ പരസ്യങ്ങൾക്കും പ്രചാരണത്തിനുമായി ആകെ ചിലവഴിച്ചത് 555 കോടി രൂപ എന്ന് വിവരാവകാശ രേഖകൾ. സർക്കാരിൻ്റെ അവസാന നാലുമാസങ്ങളിൽ മാത്രം പരസ്യങ്ങൾക്കായി 98.85 കോടി രൂപയാണ് ഉപയോഗിച്ചതെന്നും രേഖകൾ പറയുന്നു. കിഫ്ബി വഴി രാഷ്ട്രീയ പ്രചാരണങ്ങൾക്ക് മാത്രം ആകെ 240 കോടി രൂപയോളം ഉപയോഗിച്ചതായി ധനവകുപ്പിൻ്റെ പ്രാഥമിക പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള സമൂഹമാധ്യമ പ്രചാരണങ്ങളും ഹോർഡിങ്ങുകളും ഉൾപ്പെടുന്നു.
അഞ്ച് വർഷത്തിനിടെ പിആർഡി പരസ്യത്തിനായി ചെലവഴിച്ചത് 203 കോടി രൂപയാണ്. ടൂറിസം വകുപ്പ് ചെലവഴിച്ചത് 152 കോടി രൂപയാണ്. സിൽവർ ജൂബിലി പ്രൊമോഷനൽ ചെലവുകൾ 14.30 കോടി, കിഫ്ബി പ്രൊജക്റ്റ് ഡീറ്റെയ്ൽസ് സെൻ്റർ സ്പ്രെഡ് പരസ്യത്തിന് 12.16 കോടി, സോഷ്യൽ മീഡിയ മാനേജ്മെൻ്റ് കാമ്പെയ്നുമായി ചെലവാക്കിയത് 7.90 കോടി രൂപയുമാണ്.
വയനാട് തുരങ്കത്തിൻ്റെ ബ്ലാസ്റ്റിൻ്റെ പരസ്യത്തിനായി പത്രങ്ങൾക്കായി നീക്കി വച്ചത് 7.69 കോടി രൂപയാണ്. കൊച്ചി ക്യാൻസർ സെൻ്ററിൻ്റെ ഉദ്ഘാടന പരസ്യത്തിനായി പിണറായി സർക്കാർ ചെലവഴിച്ചത് 4.24 കോടി രൂപയാണെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
