Home » Blog » kerala Max » യുദ്ധം; കൊച്ചിയിൽ അഭയം തേടിയ ഇറാന്റെ നാവികസേനാ കപ്പൽ ‘ഐറിസ് ലാവൻ’ ആറുമാസം പിന്നിടുന്നു!
Untitled-1-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-40-680x450

പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായതിനെത്തുടർന്ന് കൊച്ചി തുറമുഖത്ത് അഭയം തേടിയ ഇറാന്റെ നാവികസേന കപ്പൽ ‘ഐറിസ് ലാവൻ’ ഇപ്പോഴും കൊച്ചിയിൽത്തന്നെ തുടരുകയാണ്. കപ്പൽ നങ്കൂരമിട്ട് ആറു മാസം പിന്നിട്ടിട്ടും മടക്കയാത്ര സാധ്യമാകാത്ത സാഹചര്യത്തിലാണ് ഈ തുടർച്ച. കപ്പലിന്റെ സുരക്ഷാ ചുമതല കൊച്ചി തുറമുഖ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. തുടക്കത്തിൽ കപ്പലിൽ 183 ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും, ഇതിൽ 50 പേർ മാത്രമാണ് ഇപ്പോൾ കൊച്ചിയിലുള്ളത്. ബാക്കി ജീവനക്കാർ ഇന്ത്യൻ നേവിയുടെ കൊച്ചി യൂണിറ്റിന്റെ സഹായത്തോടെ ഇറാനിലേക്ക് മടങ്ങി. ഇറാൻ-അമേരിക്ക സംഘർഷം ശക്തമായ ഘട്ടത്തിലാണ് ഐറിസ് ലാവൻ കൊച്ചിയിൽ അഭയം തേടിയത്.

ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര ഫ്‌ലീറ്റ് റിവ്യൂവിലും ‘മിലൻ’ നാവികാഭ്യാസ പ്രകടനത്തിലും പങ്കെടുക്കാൻ എത്തിയ ഇറാനിയൻ കപ്പലുകളിൽ ഒന്നാണ് ഐറിസ് ലാവൻ. കപ്പലിന് സാങ്കേതിക തകരാറുണ്ടെന്നും കൊച്ചി തീരത്ത് നങ്കൂരമിടാൻ അനുമതി നൽകണമെന്നും ഫെബ്രുവരി 28-ന് തന്നെ ഇറാൻ അധികൃതർ അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്.

ഐറിസ് ലാവന് പുറമെ ‘ഐറിസ് ബുഷേർ’, ‘ഐറിസ് ദേന’ എന്നീ കപ്പലുകളും കൊച്ചിയിൽ നങ്കൂരമിടാൻ അനുമതി തേടിയിരുന്നു. ഐറിസ് ബുഷേർ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടപ്പോൾ, ഐറിസ് ദേനയെ ശ്രീലങ്കയ്ക്ക് സമീപം വെച്ച് അമേരിക്കൻ അന്തർവാഹിനി ടോർപിഡോ ആക്രമിക്കുകയാണുണ്ടായത്. ഐറിസ് ലാവൻ കൊച്ചിയിൽ നങ്കൂരമിട്ട അതേ ദിവസമാണ് ഐറിസ് ദേനയ്ക്ക് നേരെ അമേരിക്കയുടെ ആക്രമണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *