Home » Blog » kerala Max » മാസങ്ങളായി റേഷൻ വാങ്ങാത്തവർക്ക് തിരിച്ചടി; സ്മാർട്ട് പിഡിഎസ് നടപ്പിലാകുന്നതോടെ ലക്ഷക്കണക്കിന് കാർഡുകൾ മരവിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
ration-card-680x450

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ‘സ്മാർട്ട് പിഡിഎസ്’ പദ്ധതി അടുത്ത മാസം മുതൽ കേരളത്തിൽ നടപ്പിലാകുന്നതോടെ ആറു ലക്ഷത്തിലേറെ റേഷൻ കാർഡുകൾ റദ്ദാക്കപ്പെട്ടേക്കും. കഴിഞ്ഞ ആറു മാസമായി റേഷൻ കടകളിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത കാർഡുകളാണ് ഇതിന്റെ ഭാഗമായി മരവിപ്പിക്കുന്നത്. കേന്ദ്രീകൃത സംവിധാനത്തിലൂടെ റേഷൻ വിതരണം പൂർണ്ണമായി നിരീക്ഷിക്കുന്ന ‘സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം’ (സ്മാർട്ട് പിഡിഎസ്) പദ്ധതിക്കായി 2024-ലാണ് കേരളം കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

ആറു മാസത്തിലേറെയായി റേഷൻ വാങ്ങാത്ത കാർഡുകൾ പൂർണ്ണമായും മരവിപ്പിക്കും. തുടർന്ന് വരുന്ന മൂന്ന് മാസത്തിനകം കാർഡിലുള്ള മുഴുവൻ അംഗങ്ങളും ഇ-കെവൈസി നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ റേഷൻ വിതരണം പുനരാരംഭിക്കുകയുള്ളൂ. കൂടാതെ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒരേ വ്യക്തി ഒന്നിനധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഇതിലൂടെ കണ്ടെത്താനാകും. ഇത്തരക്കാരെയും താൽക്കാലികമായി മരവിപ്പിച്ചു നിർത്തും. മൂന്ന് മാസത്തിനകം ഇ-കെവൈസി പൂർത്തിയാക്കി, നിലനിർത്തേണ്ട ഒരു കാർഡ് മാത്രം തിരഞ്ഞെടുത്ത ശേഷം മറ്റുള്ളവയിൽ നിന്ന് പേരുകൾ ഒഴിവാക്കേണ്ടതാണ്.

സ്മാർട്ട് പിഡിഎസിന്റെ ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് തുടങ്ങിയ മുൻഗണനാ കാർഡുകളിൽ ആറു മാസമായി റേഷൻ വാങ്ങാത്തവർക്കെതിരെയാകും കർശന നടപടികൾ ഉണ്ടാകുക. കേരളത്തിൽ ഇത്തരം 45,000-ത്തോളം കാർഡുകളും 66,000-ത്തോളം ഗുണഭോക്താക്കളും ഉണ്ടെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനുപുറമെ നീല, വെള്ള, ബ്രൗൺ തുടങ്ങിയ മുൻഗണനേതര വിഭാഗങ്ങളിൽ അഞ്ചര ലക്ഷത്തിലേറെ കാർഡുകളും 15 ലക്ഷത്തോളം ഗുണഭോക്താക്കളും ഈ രീതിയിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *