Home » Blog » Kerala » യുക്രൈനിൽ റഷ്യയുടെ മിസൈൽ ആക്രമണം; 22 പേർ കൊല്ലപ്പെട്ടു, നൂറിലധികം പേർക്ക് പരുക്ക്
19

കീവ്: യുക്രൈനിലെ പ്രധാന നഗരങ്ങളായ കീവ്, നിപ്രോ എന്നിവിടങ്ങളിൽ റഷ്യ നടത്തിയ അതിശക്തമായ മിസൈൽ – ഡ്രോൺ ആക്രമണങ്ങളിൽ 22 പേർ കൊല്ലപ്പെട്ടു. നൂറിലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. തകർന്നടിഞ്ഞ അപ്പാർട്ട്മെന്റുകൾക്കും കെട്ടിടങ്ങൾക്കും ഉള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. റഷ്യയുടെ നിരന്തരമായ ആക്രമണങ്ങളെ ചെറുക്കാൻ അമേരിക്കയിൽ നിന്ന് അടിയന്തരമായി കൂടുതൽ പ്രതിരോധ സഹായങ്ങൾ നൽകണമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി അഭ്യർഥിച്ചു.

തലസ്ഥാന നഗരിയായ കീവിൽ മാത്രം ആറ് പേർ കൊല്ലപ്പെടുകയും മൂന്ന് കുട്ടികൾ ഉൾപ്പെടെ 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ നിരവധി ബഹുനില പാർപ്പിട സമുച്ചയങ്ങൾക്ക് തീപിടിക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. ആക്രമണ ഭീതിയെത്തുടർന്ന് 41,000ലധികം ആളുകളാണ് കീവിലെ ഭൂഗർഭ മെട്രോ സ്റ്റേഷനുകളിൽ അഭയം പ്രാപിച്ചത്. അടുത്ത കാലത്ത് രാത്രികാലങ്ങളിൽ മെട്രോ സ്റ്റേഷനുകളിൽ അഭയം പ്രാപിക്കുന്ന ആളുകളുടെ ഏറ്റവും ഉയർന്ന നിരക്കാണിത്.

തെക്കുകിഴക്കൻ നഗരമായ നിപ്രോയിലും റഷ്യൻ സേന കനത്ത നാശനഷ്ടങ്ങൾ വിതച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ 12 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. 35 പേർക്ക് പരിക്കേറ്റതായി റീജിയണൽ ഗവർണർ ഒലെക്സാണ്ടർ ഹൻസ വ്യക്തമാക്കി. നഗരത്തിലെ അൻപതോളം കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇവിടെ റഷ്യ നടത്തിയ ഇരട്ട ആക്രമണത്തിൽ ഒരു രക്ഷാപ്രവർത്തകനും ജീവൻ നഷ്ടപ്പെട്ടു. നാല് നിലകളുള്ള ഒരു അപ്പാർട്ട്മെന്റ് പൂർണമായും തകർന്ന നിലയിലാണ് ഇവിടെ തിരച്ചിൽ തുടരുകയാണ്.

ചൊവ്വാഴ്ച രാത്രി റഷ്യ 650ലധികം ഡ്രോണുകളും 70 ബാലിസ്റ്റിക്, ക്രൂയിസ്, ആന്റി-ഷിപ്പ് മിസൈലുകളുമാണ് യുക്രൈൻ നഗരങ്ങളിലേക്ക് തൊടുത്തുവിട്ടതെന്ന് പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു. ഈ വലിയ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ അമേരിക്കയുടെ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ യുക്രൈന് അടിയന്തരമായി ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, യുക്രൈൻ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. കഴിഞ്ഞ മാസം റഷ്യൻ നിയന്ത്രണത്തിലുള്ള ലുഹാൻസ്കിൽ യുക്രൈൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഈ ആക്രമണമെന്നാണ് റഷ്യയുടെ വിശദീകരണം.