മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ആറാട്ട്’ എന്ന ചിത്രം തിയേറ്ററുകളിൽ പരാജയമാണ് ഏറ്റുവാങ്ങിയത്. സിനിമ റിലീസ് ചെയ്ത സമയത്ത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകളും ഉയർന്നിരുന്നു. എന്നാൽ ചിത്രത്തിൽ രാഹുൽ രാജ് ഈണം നൽകി, എം.ജി. ശ്രീകുമാറും ഫെജോയും ചേർന്ന് പാടിയ “തലയുടെ വിളയാട്ട്” എന്ന മാസ്സ് ഗാനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന് നേരെ ഉയർന്ന ട്രോളുകളെക്കുറിച്ച് മനസുതുറക്കുകയാണ് പ്രമുഖ മലയാളി റാപ്പർ ഫെജോ.
ഒരു അഭിമുഖത്തിലാണ് ഫെജോ തന്റെ സങ്കടം പങ്കുവെച്ചത്. മോഹൻലാൽ എന്ന നടനോടുള്ള ആദരസൂചകമായി (ട്രിബ്യൂട്ട്) ഒരു പക്കാ മാസ്സ് മൂഡിൽ താൻ എഴുതിയ വരികളെയാണ് ആളുകൾ ട്രോളുകൾക്കായി ഉപയോഗിച്ചതെന്ന് ഫെജോ പറയുന്നു. ലാലേട്ടന് വേണ്ടി പാട്ടൊരുക്കാൻ കഴിഞ്ഞതിലും, എം.ജി. ശ്രീകുമാറിനൊപ്പം ഒന്നിച്ച് പ്രവർത്തിക്കാൻ സാധിച്ചതിലും വലിയ സന്തോഷമുണ്ടായിരുന്നുവെന്നും, എന്നാൽ സിനിമ പരാജയപ്പെട്ടതിന്റെ പേരിൽ ഈ ഗാനത്തെ ട്രോൾ മെറ്റീരിയൽ ആക്കി മാറ്റിയത് വലിയ വിഷമം ഉണ്ടാക്കിയെന്നും ഫെജോ വ്യക്തമാക്കുന്നു.
പ്രത്യേകിച്ച് ഈ ഗാനത്തിലെ ‘തക തക തക’ എന്ന ഭാഗമാണ് ട്രോളന്മാർ വ്യാപകമായി ഉപയോഗിച്ചതെന്ന് ഫെജോ ഓർത്തെടുത്തു. ആദ്യ ഘട്ടത്തിൽ വലിയ രീതിയിൽ പരിഹസിക്കപ്പെട്ടെങ്കിലും, പിൽക്കാലത്ത് പ്രേക്ഷകർ ഈ പാട്ടിനെ നെഞ്ചിലേറ്റിയതാണ് ഏക ആശ്വാസമെന്നും താരം കൂട്ടിച്ചേർത്തു. നെയ്യാറ്റിൻകര ഗോപൻ എന്ന മോഹൻലാലിന്റെ മാസ്സ് കഥാപാത്രത്തെ കേന്ദ്രീകരിച്ച് ഒരുക്കിയ ആറാട്ടിൽ വിജയരാഘവൻ, സായ് കുമാർ, ലുക്മാൻ, കൊച്ചുപ്രേമൻ തുടങ്ങി വലിയൊരു താരനിര തന്നെയുണ്ടായിരുന്നു.
