Home » Blog » kerala Max » വയനാട് മണ്ണിടിച്ചിൽ; നാല് സോണുകളാക്കി വിശദമായ ശാസ്ത്രീയ പരിശോധന
wayanad-680x450

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകമായ സംഭവമെന്ന് മന്ത്രി എ പി അനില്‍കുമാര്‍. അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഴയ്ക്ക് മുന്‍പ് തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് മുന്നൊരുക്കം നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.എല്ലാവര്‍ക്കും അപകട സ്ഥലത്ത് വേഗം എത്താന്‍ സാധിച്ചു. ജനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ വളരെ വേഗം സജീവമായി. കമ്പനി അധികൃതര്‍ അറിയിച്ച പ്രകാരം ഇനിയും അഞ്ച് പേരെ കണ്ടെത്താന്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരച്ചില്‍ നാളെ വൈകിട്ടോടെ പൂര്‍ത്തിയാക്കണം എന്നാണ് കരുതുന്നത്.

കണ്ടെത്താന്‍ ഉള്ളവരെ വളരെ വേഗം കണ്ടെത്തുക എന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കാലാവസ്ഥ പ്രതികൂലം ആകും വരെ തിരച്ചില്‍ തുടരാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രി ടി സിദ്ദിഖ് അവലോകന യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു. വേഗത്തില്‍ റോഡ് ഗതാഗത യോഗ്യമാക്കുക എന്നതാണ് ഏറ്റവും പ്രധാനമായി പരിഗണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നാല് സോണുകളാക്കി തിരിച്ച് ശാസ്ത്രീയ പരിശോധന ഇപ്പോള്‍ തന്നെ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. നാളെ ഫയര്‍ഫോഴ്‌സില്‍ നിന്ന് 110 പേര്‍ എത്തുമെന്നും മന്ത്രി അറിയിച്ചു. എന്‍ഡിആര്‍എഫിലെ 64 അംഗ സംഘമാണ് നിലവില്‍ സേവനം നടത്തുന്നത്. ഇതില്‍ ജീവന്‍ കണ്ടെത്താന്‍ കഴിയുന്ന നായ്ക്കളും കഡാവര്‍ നായ്ക്കളുമുണ്ട്.

മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങള്‍ മരണപ്പെട്ടവരുടെ നാട്ടിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കളെയും നാട്ടിലെത്തിക്കാന്‍ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് പേരുടെ മരണമാണ് ഔദ്യഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. 5 പേരെ കാണാതായതായും രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേര്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. അഞ്ച് പേരാണ് വാര്‍ഡില്‍ ചികിത്സയിലുള്ളത്. 76 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ദുരന്ത സ്ഥലത്തേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണെന്നും സിദ്ധിഖ് പറഞ്ഞു. വിക്രണം റാണ, രാഹുല്‍, മുഹമ്മദ് ഇമ്രാന്‍, രാഘേഷ്യ, അസ്രുദീന്‍ അന്‍സാരി എന്നിവരെയാണ് കാണാതായിരിക്കുന്നത്. അതേസമയം നാളെ മുഖ്യമന്ത്രി വി ഡി സതീശന്‍ അപകട സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.