Home » Blog » Cinema » “മോളുടെ കയ്യിലിരിപ്പ് ശരിയല്ല… തുടക്കം ഒരു ഒടുക്കം ആവട്ടെ, കാലുകള്‍ രണ്ടു വള്ളത്തില്‍ ഒരേ സമയത്ത് ചവിട്ടി നില്‍ക്കുന്ന താങ്കളുടെ മകളല്ലേ? മോശമാകാന്‍ വഴിയില്ല, ഈ സിനിമ കാണില്ല, എനിക്കെന്റെ ദേശമാണ് വലുത്, തുടക്കം തന്നെ മോശമാണ്” – വിസ്മയ മോഹന്‍ലാലിനെതിരെ ഹേറ്റ് ക്യാമ്പെയിന്‍
12

തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച വിസ്മയ മോഹന്‍ലാലിന് നേരെ കടുത്ത സൈബര്‍ ആക്രമണം. ചോദ്യം ചോദിക്കുന്ന പൗരന്മാരെ ജനാധിപത്യ രാജ്യം നേരിടേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നാണ് വിസ്മയ പറഞ്ഞത്. പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് വിസ്മയ നേരിട്ടത്. അച്ഛന്‍ മോഹന്‍ലാലിന്റെ പേജിലും നിരവധി പേര്‍ ആക്രമണവുമായെത്തി.

വിസ്മയ്ക്ക് രാഷ്ട്രീയം അറിയില്ലെന്ന് സംവിധായകന്‍ മേജര്‍ രവിയും ആക്ഷേപിച്ചിരുന്നു. എന്നാല്‍ സിനിമാ ലോകത്തു നിന്നും വിദ്യാര്‍ത്ഥി സമരത്തിന് അധികമൊന്നും ശബ്ദമുയരാതിരുന്ന സമയത്തും നിലപാട് പറഞ്ഞ വിസ്മയ്ക്ക് വലിയ കയ്യടികളും ലഭിച്ചു. ഇപ്പോഴിതാ വിസ്മയുടെ സിനിമയ്‌ക്കെതിരെ ബോയ്‌ക്കോട്ട് ആഹ്വാനവുമായെത്തിയിരിക്കുകയാണ് ചിലര്‍. വിസ്മയുടെ അരങ്ങേറ്റ ചിത്രമായ തുടക്കത്തിന്റെ പുതിയ പോസ്റ്റര്‍ മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് സംഘപരിവാര്‍ അനുകൂലികളും വിദ്യാര്‍ത്ഥി സമരത്തെ എതിര്‍ക്കുന്നവും ബോയ്‌ക്കോട്ട് ആഹ്വാനവുമായെത്തിയത്.

രാജ്യദ്രോഹിയായ വിസ്മയയുടെ സിനിമ കാണില്ലെന്നും തുടക്കം തന്നെ ഒടുക്കമാകുമെന്നുമാണ് കമന്റുകള്‍ പറയുന്നത്. ”ഒടുക്കം ആവുമോ, രാജ്യത്തു കലാപം തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്ന നിന്റെ ജിഹാദി മോളുടെ സിനിമ നമുക്ക് കാണണ്ട. ഭാരതീയര്‍ ഇത് കാണില്ല, കൂതറ പടം ആയി മാറട്ടെ. മോളുടെ കയ്യിലിരിപ്പ് ശരിയല്ല.. തുടക്കം ഒരു ഒടുക്കം ആവട്ടെ, രണ്ടു കാലുകള്‍ രണ്ടു വള്ളത്തില്‍ ഒരേ സമയത്ത് ചവിട്ടി നില്‍ക്കുന്ന താങ്കളുടെ മകളല്ലേ? മോശമാകാന്‍ വഴിയില്ല. ‘തുടക്ക’മാവട്ടെ, എന്ത് ആയാലും ഈ സിനിമ കാണില്ല, കാണില്ല. എനിക്കെന്റെ ദേശമാണ് വലുത്, തുടക്കം തന്നെ മോശമാണ്” എന്നായിരുന്നു ചിലരുടെ കമന്റുകള്‍.

”തുടക്കവും ഒടുക്കവും ഒന്നിച്ചാവാന്‍ ചാന്‍സ് ഉണ്ട്, തുടക്കം തന്നെ മോശമാണ് . രക്ഷപ്പെടാന്‍ സാധ്യത വളരെ കുറവാണ്, സുഡാപ്പികള്‍ പടം കാണുമെന്ന് വെച്ചിട്ടായിരിക്കും സുഡാപ്പികളുടെ പുതിയ ബര്‍ഗര്‍ കലാപം സപ്പോര്‍ട്ട് ചെയ്തത്, സുഡാപ്പികള്‍ ഫേസ്ബുക്കില്‍ മാത്രമേ ഫേക്ക് ഐഡി വെച്ച് കളിക്കത്തുള്ളൂ എന്നുള്ള കാര്യം പുതിയ ആള്‍ക്ക് അറിയത്തില്ലല്ലോ.. നാട്ടില്‍ ഇല്ലാത്തതുകൊണ്ട് കാര്യങ്ങള്‍ ഒന്നും അറിയത്തില്ല. സുഡാപ്പികള്‍ തിയേറ്ററില്‍ പോയി പടം കണ്ടിരുന്നെങ്കില്‍ എന്നെ വലിയ ഇക്കാക്ക 100 കോടി കിട്ടിയേനെ, കൊക്കിന് ജീവന്‍ ഉണ്ടെങ്കില്‍ ഈ പടം ഞങ്ങള്‍ സംഘം പൊട്ടിച്ച് കൈയ്യില്‍ തന്നിരിക്കും” എന്നും ചിലര്‍ കമന്റ് ചെയ്തു.

”ആദ്യ പടം തന്നെ ഒടുക്കത്തെ പടമാകുമല്ലോ ലാലേട്ടാ, തുടക്കത്തില്‍ തന്നെ നശിക്കാനുള്ള ആശംസകള്‍, രാജ്യ വിരുദ്ധരുടെ കൂടെ നിന്ന നിങ്ങളുടെ മകളുടെ സിനിമ ആര് കാണാന്‍? ഞാന്‍ കാണില്ല. ആ പൈസ കൊണ്ട് രണ്ട് പൊതിച്ചോര്‍ വാങ്ങി ഏതെങ്കിലും പാവങ്ങള്‍ക്ക് കൊടുത്തോളാം, രാഷ്ട്രം ആദ്യം. അത് കഴിഞ്ഞ് സിനിമ. അരാജകവാദികളെ സപ്പോര്‍ട്ട് ചെയ്ത് തുടക്കം കുറിക്കുന്ന മകളുടെ സിനിമയിലെ ഒടുക്കം ആകാതിരിക്കട്ടെ, ഒരു സിനിമക്ക് അപ്പുറം ആണ് ലാലേട്ടാ രാജ്യം. ഒരുപാട് ആഗ്രഹിച്ച സിനിമ ആയിരുന്നു ഇനി കാണില്ല” എന്നും ചിലര്‍ മോഹന്‍ലാലിനോടായി പറയുന്നുണ്ട്.