Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരാതി നല്‍കി കുടുംബം. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയ ആനന്ദിന്റെ സഹോദരന്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. ഇന്ന് രാവിലെയാണ് പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ ബാരക്കില്‍ ആനന്ദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

എസ്എപി ക്യാമ്പില്‍ ആനന്ദിന് ക്രൂരമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നതായി സഹോദരന്‍ അരവിന്ദ് നല്‍കിയ പരാതിയില്‍ പറയുന്നു. മേലുദ്യോഗസ്ഥനില്‍ നിന്ന് ആനന്ദിന് പീഡനം നേരിടേണ്ടി വന്നുവെന്നും ഇതിന് പുറമേ ആനന്ദ് ജാതി അധിക്ഷേപം നേരിട്ടുവെന്നും സഹോദരന്‍ പറയുന്നു. ഇന്നലെ വിളിച്ചപ്പോള്‍ പോലും ആനന്ദ് ഇക്കാര്യങ്ങള്‍ പറഞ്ഞുവെന്നും അരവിന്ദ് കൂട്ടിച്ചേർത്തു. ഹവില്‍ദാര്‍ തസ്തികയിലുള്ള ബിപിന്റെ ഭാഗത്ത് നിന്ന് ആനന്ദിന് മോശമായ അനുഭവമുണ്ടായി. ആനന്ദിന്റെ കൈയില്‍ മുറിവുണ്ടായതില്‍ സംശയമുണ്ടെന്നും അരവിന്ദ് വ്യക്തമാക്കി.

ആര്യനാട് കീഴ്പാലൂര്‍ സ്വദേശിയാണ് ആനന്ദ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ആനന്ദ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ക്യാമ്പിലേക്ക് മടക്കികൊണ്ടുവരികയും വിശ്രമത്തില്‍ തുടരുകയുമായിരുന്നു. ഇതിനിടെയാണ് ആനന്ദ് തൂങ്ങി മരിച്ചത്. ജോലിഭാരം മൂലമുള്ള മാനസിക സമ്മര്‍ദം കൊണ്ട് ആനന്ദ് ആത്മഹത്യ ചെയ്തതെന്നാണ് സംശയം. ട്രെയിനിംഗിന്റെ ഭാഗമായി ആനന്ദിനെ പ്ലാത്തൂണ്‍ ലീഡറാക്കിയതാണ് സമ്മര്‍ദത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ആത്മഹത്യാശ്രമത്തിന് ശേഷം ഉന്നത ഉദ്യോഗസ്ഥരെത്തി ആനന്ദുമായി സംസാരിച്ചിരുന്നു.

Related Posts