ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് അംഗമായിരുന്ന അജികുമാർ, അടുത്തിടെ അന്തരിച്ച മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെ പ്രതിചേർക്കും. ക്രമക്കേട് സംശയിക്കുന്ന ഇടപാടുകള്‍ക്ക് നേതൃത്വം നല്‍കിയത് ഇവരാണെന്ന ദേവസ്വം വിജിലന്‍സിന്റെ വിലയിരുത്തലിനെ തുടർന്നാണ് നടപടി. ശ്രദ്ധേയമായ കാര്യം, ഇവർ മൂവരും ശബരിമല സ്വര്‍ണക്കൊള്ള കേസിലും പ്രതികളാണ്.
കഴിഞ്ഞ മണ്ഡലകാലത്ത് മില്‍മയുടെ തിരുവനന്തപുരം മേഖലാ യൂണിയനില്‍ നിന്ന് ഒന്നരലക്ഷത്തോളം ലിറ്റര്‍ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടാണ് വിജിലന്‍സ് സംഘം അന്വേഷിക്കുന്നത്. ഗുണനിലവാരമില്ലാത്ത നെയ്യ് വാങ്ങിയെന്നും, യഥാര്‍ത്ഥ നെയ്യ് മറിച്ചുവിറ്റ് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നുമാണ് പ്രധാന ആരോപണം. ഉയര്‍ന്ന വില നല്കി നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് രണ്ട് കോടി മുപ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നതും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
മില്‍മ നെയ്യ് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എസ്.പി. എം.ജെ. സോജനെ ഹൈക്കോടതി നിയമിച്ചിട്ടുണ്ട്. ഡിവൈഎസ്പി സി.എസ്. ഹരിയാണ് അന്വേഷണ ഉദ്യോഗസ്ഥന്. വിജിലന്‍സ് മേധാവി കൈമാറിയ പട്ടികയില്‍ നിന്നാണ് ഹൈക്കോടതി സംഘത്തലവനെ നിശ്ചയിച്ചത്. വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ എ.എസ്. സജി ശങ്കര്‍, എസ്. ശ്രീജിത്ത്, ടി.ആര്. കിരണ്‍, ആര്.എസ്. രതീന്ദ്രകുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. ശബരിമല ബെഞ്ചിന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ മികച്ച ഉദ്യോഗസ്ഥരടങ്ങുന്ന പട്ടിക കോടതിക്ക് കൈമാറിയത്.
ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേട് പ്രഥമദൃഷ്ട്യാ അതീവ ഗൗരതരമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തിയിരുന്നു. കേസിൽ സുതാര്യമായ അന്വേഷണം വേണമെന്ന് വ്യക്തമാക്കിയ കോടതി, അന്വേഷണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും, അന്തിമ റിപ്പോര്‍ട്ട് കോടതിയുടെ അനുമതിയോടെ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രത്യേക കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ കര്‍ശന ഇടപെടല്‍.
