മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ പ്രിയദർശൻ തന്റെ സിനിമാജീവിതത്തിലെ ചില അപ്രതീക്ഷിത പരാജയങ്ങളെക്കുറിച്ചും വരാനിരിക്കുന്ന തന്റെ നൂറാമത്തെ ചിത്രത്തെക്കുറിച്ചും മനസ്സ് തുറക്കുന്നു. ‘ക്യു സ്റ്റുഡിയോ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
താൻ സിനിമകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാറില്ലെന്നും തനിക്ക് ഇഷ്ടപ്പെടുന്ന കഥകൾ തിരഞ്ഞെടുക്കുകയാണ് പതിവെന്നും പ്രിയദർശൻ പറയുന്നു. “ഏറ്റവും വലിയ ആത്മവിശ്വാസത്തോടെ ചെയ്ത ‘മിഥുനം’, ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ തുടങ്ങിയ സിനിമകൾ പരാജയപ്പെട്ടപ്പോൾ, ഏറ്റവും സംശയത്തോടെ ചെയ്ത ‘തേന്മാവിൻ കൊമ്പത്ത്’ വലിയ വിജയമായി മാറി. സിനിമയിൽ ഏത് വർക്കാകും, ഏത് പരാജയപ്പെടും എന്നത് ഇന്നും എനിക്കൊരു കടങ്കഥയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലും പ്രിയദർശനും ഒന്നിച്ച ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ആണ് ഇവരുടെ കൂട്ടുകെട്ടിൽ ഒടുവിലായി പുറത്തിറങ്ങിയത്. ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. എന്നാൽ, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രിയദർശന്റെ 100-ാമത്തെ ചിത്രത്തിൽ വീണ്ടും മോഹൻലാൽ നായകനാകുന്നു. മ്യൂസിക്കും ഡ്രാമയും ആക്ഷനും ചേർന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് നിർമിക്കുന്നത്.
“തന്റെ കരിയറിലെ ആദ്യ സിനിമയിൽ അഭിനയിച്ച നായകൻ തന്നെ നൂറാമത്തെ സിനിമയിലും നായകനാകുന്നു എന്നത് ലോക സിനിമാ ചരിത്രത്തിൽ തന്നെ അപൂർവ്വമായൊരു നേട്ടമാണ്. ഈ റെക്കോർഡ് മറ്റാർക്കും തകർക്കാൻ സാധിക്കില്ല,” എന്ന വലിയ ആത്മവിശ്വാസത്തോടെയാണ് പ്രിയദർശൻ ഈ പ്രഖ്യാപനം നടത്തിയത്. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ‘ഭൂത് ബംഗ്ലാ’ ആണ് പ്രിയദർശന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
