Home » Blog » Kerala » ലഹരി മാഫിയയ്ക്ക് കടിഞ്ഞാണിട്ട് വിജയ് സർക്കാർ; സ്കൂളുകൾക്കും ക്ഷേത്രങ്ങൾക്കും സമീപത്തെ 717 ടാസ്മാക് മദ്യശാലകൾ പൂട്ടുന്നു
vijay-9-680x450

തമിഴ്‌നാട്ടിൽ 717 ടാസ്മാക് മദ്യവിൽപന ശാലകൾ അടച്ചുപൂട്ടിക്കൊണ്ട് വിജയ് സർക്കാർ ഉത്തരവിറക്കി. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് ലഹരിമാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ് പുതിയ സർക്കാർ.

 

സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കടകൾ പൂട്ടിയത് മധുര റീജ്യണിലാണ് (290). കോയമ്പത്തൂർ റീജ്യണിൽ 179-ഉം, ചെന്നൈ റീജ്യണിൽ 82-ഉം കടകൾ വീതം അടച്ചുപൂട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 കടകൾ, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 കടകൾ, ബസ് സ്റ്റാൻഡുകൾക്ക് സമീപമുള്ള 255 കടകൾ എന്നിങ്ങനെയാണ് പൂട്ടിയവയുടെ കണക്ക്. ആകെ 4,765 ടാസ്മാക് വിൽപനശാലകളാണ് സംസ്ഥാനത്തൊട്ടാകെ പ്രവർത്തിക്കുന്നത്.

 

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലഹരി ഉപയോഗത്തിനെതിരെയും ടാസ്മാക് അഴിമതിക്കെതിരെയും വലിയ ജനരോഷം ഉയർന്നിരുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള മദ്യവിൽപന ശാലകളിൽ മുൻപ് നടന്ന അഴിമതികൾ ഡിഎംകെ സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലഹരിവിരുദ്ധ നയങ്ങൾ നടപ്പിലാക്കാൻ വിജയ് സർക്കാർ മുൻഗണന നൽകുന്നത്.