അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകൾ കാണാതായെന്ന വിവാദത്തിൽ സുപ്രീം കോടതിയിൽ ഹർജി. സംഭാവനകളുടെ ദുരുപയോഗത്തെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ അനൂപ് പ്രകാശ് അവസ്തിയാണ് സുപ്രീം കോടതിക്ക് കത്തയച്ചത്. ക്ഷേത്ര സംഭാവനകളുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ജുഡീഷ്യൽ മേൽനോട്ടം അനിവാര്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആരോപണം ഗൗരവത്തിലെടുത്ത ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് (ഐഎഎസ്) അധ്യക്ഷനായ സംഘത്തിൽ ലഖ്നൗ റേഞ്ച് ഐജി കിരൺ എസ്, ധനകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി നീൽരത്തൻ കുമാർ എന്നിവരാണ് അംഗങ്ങൾ. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഒരാഴ്ചയ്ക്കകവും അന്തിമ റിപ്പോർട്ട് 15 ദിവസത്തിനകവും സമർപ്പിക്കാനാണ് സർക്കാരിന്റെ നിർദ്ദേശം.
ക്ഷേത്രത്തിലെ കാണിക്കവഞ്ചികളിൽ നിന്ന് സംഭാവനകൾ തട്ടിയെടുത്തെന്നാരോപിച്ച് ഒരാഴ്ച മുൻപാണ് വിവാദം ഉടലെടുത്തത്. തുടർന്ന് ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രാഥമികമായി ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ പൊതുജനരോഷം ശക്തമായതിനെത്തുടർന്ന് ട്രസ്റ്റ് അധികൃതർ സംസ്ഥാന സർക്കാരിനെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിനായി എസ്ഐടി സംഘം വൈകാതെ അയോധ്യയിലെത്തി ക്ഷേത്രത്തിലെ സംഭാവന കൈകാര്യം ചെയ്തിരുന്ന രീതികളും രേഖകളും പരിശോധിക്കും. നിലവിൽ ക്ഷേത്രത്തിലെ ജീവനക്കാരെല്ലാം അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
