Home » Blog » kerala Max » മഴയ്ക്ക് സാധ്യത! ബംഗാൾ ഉൾക്കടലിൽ സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടുന്നു?
rain-in-kerala.1-680x450

കേരള തീരത്തിന് മുകളിലെ ചക്രവാതച്ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദ്ദത്തിന്റെയും സ്വാധീനത്താൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മന്നാർ ഉൾക്കടലിനും ശ്രീലങ്കയ്ക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴി മെയ് 11-ഓടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഈ സീസണിലെ ആദ്യ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ഇതിന് പുറമെ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ഇന്ന് മുതൽ മെയ് 13 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മുൻകരുതലിന്റെ ഭാഗമായി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.