സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ കളക്ടർമാർ, റവന്യൂ-ആഭ്യന്തര മന്ത്രിമാർ, ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ, ചീഫ് സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
പ്രളയക്കെടുതികൾ, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുൻകരുതൽ നടപടികൾ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും ചർച്ച ചെയ്യും. പ്രതിപക്ഷത്തുനിന്ന് വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഈ അടിയന്തര യോഗം ചേരുന്നത്.
അതിനിടെ, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള ന്യുനമർദ്ദപാത്തിയാണ് മഴ കനക്കാൻ കാരണം. വരും ദിവസങ്ങളിൽ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. എങ്കിലും പല ഡാമുകളിലെയും ജലനിരപ്പ് ഉയർന്ന നിലയിലായതിനാൽ അതീവ ജാഗ്രത തുടരുകയാണ്.
