Your Image Description Your Image Description

മലപ്പുറം: മലപ്പുറത്ത് ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ. മഞ്ചേരിയിലാണ് സംഭവം. പിഴ ഈടാക്കുന്നതിനെച്ചൊല്ലിയാണ് പൊലീസുകാരൻ മർദിച്ചത്. ഡ്രൈവർ ജാഫറിനാണ് മർദനമേറ്റത്. മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദ് ആണ് മർദിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ മഞ്ചേരി ട്രാഫിക് സ്റ്റേഷനിൽ നിന്നും മലപ്പുറം ആംഡ് ഫോഴ്സിലേക്ക് സ്ഥലം മാറ്റി.

ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം ഉണ്ടായത്. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഡ്രൈവറായ ജാഫറിനെ പൊലീസ് ഉദ്യോ​ഗസ്ഥൻ മർദിക്കുന്നത്. കാനറ ബാങ്കിന്റെ പണം കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ജാഫർ. പരിശോധനയ്ക്കിടയിൽ ഡ്രൈവർ യുണിഫോം ധരിച്ചിട്ടില്ല എന്നു പറഞ്ഞ് 500 രൂപ പൊലീസ് പിഴ ഈടാക്കുകയായിരുന്നു. പിഴ തുക കുറച്ചുതരാമോ എന്ന് ഡ്രൈവർ ചോദിച്ചതിനു പിന്നാലെയാണ് പൊലീസ് ഉദ്യോ​ഗസ്ഥനായ നൗഷാദ് ഡ്രൈവറെ മർദിച്ചത്.

ഡ്രൈവറിന്റെ മുഖത്ത് അടിക്കുന്നതിന്റെയും കഴുത്തിന് കുത്തിപ്പിടിക്കുന്നതിന്റെയും ദൃശ്യങ്ങൾ തൊട്ടടുത്ത് വാഹനത്തിൽ വന്നവരാണ് പകർത്തിയത്. പരാതിയുമായി മുന്നോട്ട് പോകരുത് എന്ന് പറഞ്ഞ് ജാഫറിനെ പൊലീസുകാരൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിവരങ്ങൾ. സംഭവത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.

 

 

Related Posts