Home » Blog » kerala Max » മണ്ണെണ്ണയുടെ വില ഉയർന്നതിന് പിന്നാലെ കേരളത്തിനുള്ള കേന്ദ്ര വിഹിതത്തിലും വൻ കുറവ്
KEROSIN-680x450

മണ്ണെണ്ണയുടെ വില ഉയർന്നതിന് പിന്നാലെ കേരളത്തിനുള്ള കേന്ദ്ര വിഹിതത്തിലും വൻ കുറവ്. ലിറ്ററിന് 71 രൂപയായിരുന്ന റേഷൻ മണ്ണെണ്ണയ്ക്ക് ഈ മാസം മുതൽ 76 രൂപ നൽകണം. ഇതിനുപിന്നാലെ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം 16.08 ലക്ഷം ലിറ്റർ കൂടി വെട്ടിക്കുറച്ചതോടെ റേഷൻ ഉപഭോക്താക്കൾക്കും പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികൾക്കും പ്രതിസന്ധി രൂക്ഷമാകുകയാണ്. കേന്ദ്രത്തിന്റെ നടപടി സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ കേരളത്തിന് 56.76 ലക്ഷം ലിറ്റർ മണ്ണെണ്ണയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ ഇത് 40.68 ലക്ഷം ലിറ്ററായി കുറഞ്ഞു. നാലു തവണയായാണ് കേന്ദ്രം മണ്ണെണ്ണ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് തവണയും വിഹിതം കുറച്ചിരുന്നു. ഒടുവിൽ ജൂലൈ-സെപ്റ്റംബർ പാദത്തിലെ വിഹിതവും വെട്ടിക്കുറച്ചു. സംസ്ഥാനത്തെ റേഷൻ ഉപഭോക്താക്കൾക്കും മത്സ്യത്തൊഴിലാളികൾക്കും വിതരണം ചെയ്യുന്നത് ഈ മണ്ണെണ്ണയാണ്. സംസ്ഥാനത്ത് ഏകദേശം 95 ലക്ഷം റേഷൻ കാർഡ് ഉടമകളാണുള്ളത്. ഇതിൽ 5.94 ലക്ഷം മഞ്ഞക്കാർഡുടമകൾക്ക് ഒരു ലിറ്ററും മറ്റുള്ളവർക്ക് അര ലിറ്ററുമാണ് ലഭിക്കുന്നത്.

ഇത്തവണ റേഷൻ വിഹിതത്തിൽനിന്ന് മത്സ്യത്തൊഴിലാളികൾക്കും മണ്ണെണ്ണ നൽകാൻ നിർദേശിച്ചിട്ടുണ്ട്. എൻജിന്റെ ശേഷിയനുസരിച്ച് മീൻപിടിത്ത വള്ളങ്ങൾക്ക് 30 മുതൽ 130 ലിറ്റർ വരെ മണ്ണെണ്ണയാണ് നൽകുന്നത്. എന്നാൽ കുറച്ചുകാലമായി മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിഹിതം വലിയ രീതിയിൽ കുറഞ്ഞുവരികയാണ്. വീണ്ടും വിഹിതം വെട്ടിക്കുറച്ചതോടെ മത്സ്യമേഖലയ്ക്ക് ആവശ്യമായ മണ്ണെണ്ണ ലഭിക്കില്ലെന്ന സൂചനയാണുള്ളത്. സർക്കാർ നൽകുന്ന വിഹിതം മതിയാകാത്തതിനാൽ മത്സ്യത്തൊഴിലാളികൾ പുറംവിപണിയിൽനിന്ന് മണ്ണെണ്ണ വാങ്ങിയാണ് തൊഴിലിനിറങ്ങുന്നത്. ഇവിടെ ലിറ്ററിന് 110 മുതൽ 120 രൂപ വരെയാണ് കരിഞ്ചന്തയിലെ വില.

വിഹിതം കുറയ്ക്കുന്നതിനൊപ്പം വിലയും ഉയർത്തിയത് പുറംവിപണിയിലും മണ്ണെണ്ണ വില വർധിക്കാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. പുറംവിപണിയിലെ വില ഇനിയും ഉയർന്നാൽ മത്സ്യമേഖലയ്ക്ക് അത് വലിയ തിരിച്ചടിയാകും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇപ്പോഴും വള്ളങ്ങളിൽ പ്രധാനമായും മണ്ണെണ്ണയാണ് ഉപയോഗിക്കുന്നത്. ആവശ്യത്തിന് സർക്കാർ വിഹിതം ലഭിക്കാത്ത സാഹചര്യത്തിൽ പുറമേ നിന്ന് മണ്ണെണ്ണ വാങ്ങാതെ മുന്നോട്ടുപോകാനും കഴിയില്ല. കേന്ദ്രം വിഹിതം വെട്ടിക്കുറയ്ക്കുകയും വില കൂട്ടുകയും ചെയ്ത നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *