Your Image Description Your Image Description

ഡൽഹി: ഭര്‍ത്താവ് ഭാര്യയുടെ അറിവില്ലാതെ ഫോണ്‍ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. പങ്കാളികള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാഹമോചന കേസിലെ തെളിവായി സ്വീകരിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിവാഹ മോചന വിഷയത്തിലെ ഈ സുപ്രധാന വിധി.

അതേസമയം വിവാഹമോചന കേസിൽ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാനാവില്ലെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. തെളിവ് നിയമത്തിന്റെ 122 വകുപ്പ് അനുസരിച്ച് ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള സംഭാഷണം സ്വകാര്യ സംഭാഷണമാണ് എന്നായിരുന്നു ഹൈക്കോടതി വിധി. സുതാര്യമായ വിചാരണയ്ക്കായാണ് തെളിവ് നിയമത്തിലെ 122 വകുപ്പെന്നും സ്വകാര്യത വിഷയമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

തെളിവ് നിയമത്തിലെ 122 വകുപ്പ് സ്വകാര്യത സംബന്ധിച്ച അവകാശം കക്ഷികള്‍ക്ക് നല്‍കുന്നില്ല. 122-ാം വകുപ്പിനെ മൗലികാവകാശവുമായി ബന്ധപ്പെടുത്തിയല്ല പരിഗണിക്കേണ്ടത്. ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള സ്വകാര്യതയുടെ പരിധിയില്‍ ടെലഫോണ്‍ സംഭാഷണം ഉള്‍പ്പെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Related Posts