Your Image Description Your Image Description

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിൽ ഭര്‍ത്താവിന്റെ കസിനുമായി പ്രണയത്തിലായ ഭാര്യ 28കാരനായ ഭര്‍ത്താവിനെ കുത്തിയും വെടിവച്ചും കൊലപ്പെടുത്തി. കൃത്യമായ ആസൂത്രണത്തോടെയാണ് കാമുകനൊപ്പം ചേര്‍ന്ന് കൊല നടത്തിയത്. ബന്ധുവിന്റെ വിവാഹത്തിനായി ഷാനവാസ് ഭാര്യ മായിഫ്രീനൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഇരുചക്രവാഹനങ്ങളിലെത്തിയ നാല് അജ്ഞാതർ ഷാനവാസിന്റെ ബൈക്കിനെ മറികടന്ന് തടഞ്ഞുനിർത്തി. ഇവർ ഷാനവാസിനെ വടികൊണ്ട് അടിക്കുകയും നിരവധി തവണ കുത്തുകയും ചെയ്തു. തുടര്‍ന്ന് സംഘത്തിലൊരാൾ പിസ്റ്റൾ പുറത്തെടുത്ത് ഷാനവാസിനെ വെടിവെച്ചു. ഉടന്‍തന്നെ കൊലയാളികൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഷാനവാസിനെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കയ്യിലും നെഞ്ചിലും കഴുത്തിലുമായി ആഴത്തിലുള്ള മൂന്ന് മുറിവുകൾ കണ്ടെത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഹരിയാന സ്വദേശിയായ ഷാനവാസ് ഫർണിച്ചർ നിർമ്മാണ തൊഴിലാളിയാണ്. ഷാനവാസിന്റെ ബൈക്കും വരന് സമ്മാനമായി വിവാഹത്തിന് കൊണ്ടുപോവുകയായിരുന്ന 1.5 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകെട്ടുകൾ കൊണ്ടുള്ള മാലയും കാണാതായതിനെത്തുടർന്ന്, ഇതൊരു കവർച്ചയാണെന്ന് ഷാനവാസിന്റെ കുടുംബം ആദ്യം കരുതി. എന്നാൽ ബൈക്ക് അടുത്തുള്ള സ്ഥലത്തുനിന്ന് കണ്ടെത്തിയതോടെ കവർച്ചാ സാധ്യത പോലീസ് തള്ളിക്കളഞ്ഞു.

തുടർന്നുള്ള അന്വേക്ഷണത്തിൽ ഷാനവാസ് തങ്ങളുടെ ബന്ധത്തിന് തടസ്സമായി മാറിയതിനാലാണ് ഇയാളുടെ ഭാര്യയും കാമുകനായ തസവ്വുറും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഷാനവാസിന് ഇവരുടെ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നെന്നും ഇത് തടയാൻ ശ്രമിച്ചിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് പേരുടെ സഹായത്തോടെയാണ് ഇവര്‍ ഷാനവാസിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, എന്നാൽ ഷാനവാസിന്റെ ഭാര്യ ഇപ്പോഴും ഒളിവിലാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുത്തു.

Related Posts