Your Image Description Your Image Description

ചെറുന​ഗരങ്ങളിലേക്ക് സ്മാർട്ട് സ്ക്രീൻ എത്തിക്കാനൊരുങ്ങി പി.വി.ആർ ഐനോക്‌സ്. തീയേറ്റർ നടത്തിപ്പ് കൂടുതൽ ചെലവേറിയതായി മാറിയതോടെയാണ് പുതിയ നീക്കം. ഒപ്പം ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസിംഗ് കുറഞ്ഞതും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ഉയർത്തുന്ന മത്സരവും വെല്ലുവിളിയായി മാറിയിരുന്നു. ഇതിനെ മറികടക്കാനാണ് ചെറുനഗരങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്നത്.

ചെറുകിട നഗരങ്ങളിൽ വിനോദസാധ്യതകൾ കുറവാണെന്നതും കുടുംബങ്ങളുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടതും കണക്കിലെടുത്താണ് സ്മാർട്ട് സ്‌ക്രീൻ പ്രൊജക്ടുമായി പി.വി.ആർ എത്തുന്നത്. ചെറുനഗരങ്ങളിൽ തീയറ്റർ നടത്തിപ്പ് വൻകിട നഗരങ്ങളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞതാണ്.

നിലവിൽ പി.വി.ആർ സ്‌ക്രീനുകൾക്ക് ദേശീയതലത്തിലെ ശരാശരി ടിക്കറ്റ് നിരക്ക് 254 രൂപയാണ്. എന്നാൽ സ്മാർട്ട് സ്‌ക്രീനുകളിൽ ഇത് 35 ശതമാനം കുറവായിരിക്കും. വർഷം തോറും 100 സ്മാർട്ട് സ്‌ക്രീനുകൾ നിർമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഈ സാമ്പത്തികവർഷം 50-60 സ്മാർട്ട് സ്‌ക്രീനുകളാണ് ലക്ഷ്യം.

പി.വി.ആറിന് ഇന്ത്യയിലും ശ്രീലങ്കയിലുമായി 111 സിറ്റികളിലായി 353 തീയറ്ററുകളിലായി 1,745 സ്‌ക്രീനുകളാണുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കപ്പെടുന്ന ഇൻഡസ്ട്രിയാണെങ്കിലും ഇന്ത്യയിൽ സ്‌ക്രീനുകളുടെ എണ്ണം 10,000ത്തിൽ താഴെയാണ്.

ചെലവ് കുറഞ്ഞ രീതി
വലിയ നഗരങ്ങളിൽ ഒരു സ്‌ക്രീനിനായി 3.5 കോടി രൂപ മുടക്കു വരുമ്പോൾ ഇടത്തരം നഗരങ്ങളിലെ സ്മാർട്ട് സ്‌ക്രീനുകൾക്ക് 2-2.5 കോടി രൂപയെ ചെലവ് വരികയുള്ളൂ. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ മറ്റ് ചെലവുകളും ഇത്തരം സ്മാർട്ട് സ്‌ക്രീനുകളിൽ കുറവായിരിക്കുമെന്ന് പി.വി.ആർ ഐനോക്‌സ് ഗ്രോത്ത് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സി.ഇ.ഒ പ്രമോദ് അറോറ പറഞ്ഞു.

തുടക്കത്തിൽ ഉത്തർപ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലാകും സ്മാർട്ട് സ്‌ക്രീനുകൾ വരിക. കമ്പനി നേരിട്ട് നടത്തുന്നതിനൊപ്പം ഫ്രാഞ്ചൈസി മോഡൽ സ്‌ക്രീനുകളും പദ്ധതിയിലുണ്ട്.

 

 

Related Posts