Home » Blog » kerala Max » ഫോൺ ഉപയോഗം വിനയായി; മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് കഴുത്തിന് ശസ്ത്രക്രിയ നടത്തിയതായി വെളിപ്പെടുത്തി നടി ഷക്കീല
images (84)

ചെന്നൈ: മണിക്കൂറുകളോളം മൊബൈൽ ഫോണിൽ ഗെയിം കളിച്ചതിനെ തുടർന്ന് കഴുത്തിലെ ഞരമ്പുകൾക്ക് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായി പ്രമുഖ നടി ഷക്കീല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന നടി, തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കായി ചെലവായത്.

 

കിടക്കയിൽ ഒരുവശത്തേക്ക് ചരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂറോളം ഗെയിം കളിക്കുന്ന ശീലമാണ് തനിക്ക് വിനയായതെന്ന് ഷക്കീല വെളിപ്പെടുത്തുന്നു. ചായ കുടിക്കാൻ മാത്രമാണ് പിന്നീട് എഴുന്നേറ്റിരുന്നത്. അതിനുശേഷം വീണ്ടും ഫോണിലെ ഗെയിമുകളിലേക്കും യൂട്യൂബ്, ഇൻസ്റ്റാഗ്രാം റീലുകളിലേക്കും സമയം കളയുന്നതായിരുന്നു രീതി. തെറ്റായ രീതിയിലിരുന്ന് ദീർഘനേരം ഫോൺ ഉപയോഗിച്ചത് കഴുത്തിലെ പ്രധാന ഞരമ്പുകളെ സാരമായി ബാധിക്കുകയും ഒടുവിൽ അവസ്ഥ ഗുരുതരമായി ശസ്ത്രക്രിയയിലേക്ക് നയിക്കുകയുമായിരുന്നു.

 

ആശുപത്രി കിടക്കയിലെ ദുരിത അനുഭവങ്ങൾ പങ്കുവെച്ച നടി, പുതുതലമുറയ്ക്ക് ശക്തമായ താക്കീതാണ് നൽകുന്നത്. ഫോൺ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കുകയെന്നും അനാവശ്യ വീഡിയോകൾ കണ്ട് സമയം കളയരുതെന്നും അവർ ഓർമ്മിപ്പിച്ചു. അല്ലാത്തപക്ഷം വലിയ തുക ആശുപത്രി ചെലവിനായി നഷ്ടപ്പെടുന്നതിനൊപ്പം സഹിക്കാനാവാത്ത ശാരീരിക വേദനയും അനുഭവിക്കേണ്ടി വരും. കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകി രക്ഷിതാക്കൾ അപകടം വരുത്തിവെക്കരുതെന്നും ഷക്കീല കണ്ണീരോടെ അഭ്യർത്ഥിച്ചു. നിലവിൽ കഴുത്തിന് പ്രത്യേക ബെൽറ്റ് ധരിച്ചിരിക്കുന്ന നടിയ്ക്ക് എഴുന്നേൽക്കാനും ഭക്ഷണം കഴിക്കാനും മറ്റൊരാളുടെ സഹായം ആവശ്യമാണ്.

 

ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശിയായ ഷക്കീല സി. ബീഗം 2000-ൽ പുറത്തിറങ്ങിയ ‘കിന്നാരത്തുമ്പികൾ’ എന്ന ചിത്രത്തിലൂടെയാണ് ദക്ഷിണേന്ത്യൻ സിനിമാലോകത്ത് തരംഗമായി മാറിയത്. 12 ലക്ഷം രൂപ മാത്രം ബജറ്റിലൊരുങ്ങിയ ചിത്രം നാല് കോടിയോളം രൂപ കളക്ട് ചെയ്ത് ചരിത്രം സൃഷ്ടിച്ചു. തുടർന്ന് മോഹൻലാലിന്റെ ‘ഛോട്ടാ മുംബൈ’, പൃഥ്വിരാജിന്റെ ‘തേജാഭായ് ആന്റ് ഫാമിലി’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും തന്റേതായ ഇടം കണ്ടെത്തിയ ഷക്കീലയുടെ ഈ ദുരവസ്ഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.