ഫാന്റസികോമഡി ചിത്രം; അഖില്‍ സത്യന്‍-നിവിന്‍ പോളി സിനിമയുടെ ഫസ്റ്റ് ലുക്ക് അപ്‌ഡേറ്റ് പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ഫാന്റസികോമഡി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന്റെ അപ്‌ഡേറ്റ് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇന്ന് വൈകിട്ട് 7 മണിക്ക് സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവരും. ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സര്‍വം മായ എന്നാണ് സിനിമയുടെ ടൈറ്റില്‍ എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിത്രം ക്രിസ്മസിന് തിയേറ്ററില്‍ എത്തുമെന്നാണ് വിവരം.

സിനിമയുടെ രചനയും എഡിറ്റിങ്ങും അഖില്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഫയര്‍ ഫ്‌ലൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാറും രാജീവ് മേനോനും ചേര്‍ന്നാണ് നിര്‍മാണം. ശരണ്‍ വേലായുധനാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകറാണ് സിനിമയ്ക്ക് സംഗീതം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജീവന്‍, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബിജു തോമസ്.

റിയ ഷിബു, ജനാര്‍ദ്ദനന്‍, പ്രീതി മുകുന്ദന്‍ എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. അതേസമയം, ബേബി ഗേള്‍, ഡോള്‍ബി ദിനേശന്‍, യേഴു കടല്‍ യേഴു മലൈ, മള്‍ട്ടിവേഴ്സ് മന്മഥന്‍ തുടങ്ങിയ ചിത്രങ്ങള്‍ നിവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ബേബി ഗേള്‍ ഗരുഡനിലൂടെ ശ്രദ്ധേയനായ അരുണ്‍ വര്‍മയാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. വിനായക അജിത്ത് നിര്‍മിച്ച് താമര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോള്‍ബി ദിനേശന്‍.

More From Author

Leave a Reply

Your email address will not be published. Required fields are marked *