Your Image Description Your Image Description

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മൂന്ന് വർഷം മുമ്പ് കോൺഗ്രസ് എംപി സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി കോടതി വ്യാഴാഴ്ച തള്ളി. വികാസ് ത്രിപാഠി എന്നയാളാണ് റൗസ് അവന്യൂ കോടതിയിൽ ഹർജി നൽകിയത്. 1980-ൽ സോണിയ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ചേർത്തിരുന്നെന്നും, എന്നാൽ അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത് 1983-ൽ മാത്രമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷൻ 175 (4) പ്രകാരമാണ് ഈ ഹർജി സമർപ്പിച്ചത്.

ഹർജിയിൽ ത്രിപാഠി ചൂണ്ടിക്കാട്ടിയത്, 1982-ൽ ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നെന്നും 1983-ൽ വീണ്ടും ഉൾപ്പെടുത്തിയെന്നുമാണ്. 1980-ൽ വ്യാജ രേഖകൾ ഉപയോഗിച്ചാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യസഭാ എംപിക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്യണമെന്ന് ത്രിപാഠി ആവശ്യപ്പെട്ടിരുന്നു. ത്രിപാഠിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പവൻ നരംഗ് വാദിച്ചത്, സോണിയ ഗാന്ധി ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചത് പോലും 1983 ഏപ്രിലിലാണെന്നാണ്.

നേരത്തെ, ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഈ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപി എംപി അനുരാഗ് താക്കൂർ ആയിരുന്നു ആദ്യം ഈ ആരോപണം ഉന്നയിച്ചത്. പിന്നീട്, പാർട്ടി നേതാവ് അമിത് മാളവ്യ 1980-ലെ ന്യൂഡൽഹി നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയുടെ പകർപ്പ് എക്സിൽ പങ്കുവെച്ചിരുന്നു.അതേസമയം ഈ ആരോപണങ്ങൾക്കൊടുവിൽ ഹർജി തള്ളിയത് സോണിയ ഗാന്ധിക്ക് ആശ്വാസം നൽകുന്നതാണ്.

Related Posts