Home » Blog » kerala Max » പോടാ വാടാ ശൈലി മാറ്റണം..! മുഖ്യമന്ത്രി പദവിയുടെ ഗൗരവം സതീശൻ മറക്കുന്നു: വെള്ളാപ്പള്ളി
VELLAPPALI-680x450

ആലപ്പുഴ: ‘എടാ, പോടാ’ എന്ന രീതിയിലുള്ള സംസാരശൈലി മാറ്റി കുറച്ചുകൂടി പക്വത കാണിക്കണം; മുഖ്യമന്ത്രി എന്ന പദവിയുടെ ഗൗരവം വി.ഡി. സതീശൻ ചിലപ്പോഴൊക്കെ മറന്നുപോകുന്നു. ചേർത്തല എസ്.എൻ. കോളജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. പ്രവർത്തനശൈലിയിൽ മാറ്റം വരുത്തണമെന്നും മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറുകയും സഹപ്രവർത്തകരെ ഒന്നിച്ചുനിർത്തുകയും ചെയ്യുന്ന നേതൃഗുണം കാണിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനശൈലിയെ നേരത്തെ വിമർശിച്ചവരാണ് ഇപ്പോൾ ആ സ്ഥാനത്തിരിക്കുമ്പോൾ സമാനമായ രീതിയിൽ പെരുമാറുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം, സി.പി.എമ്മിന് ഇപ്പോൾ താൻ കൊള്ളരുതാത്തവനായി മാറിയെന്നും ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തന്നെ തലയിൽ ചുമന്നുനടന്നവരാണ് സി.പി.എമ്മുകാർ എന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോൾ താൻ കൊള്ളില്ലെന്ന് പറയുന്നതിൽ ആത്മാർഥതയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. രണ്ട് തവണ എൽ.ഡി.എഫിന് അധികാരത്തിലെത്താൻ കഴിഞ്ഞത് പിണറായി വിജയന്റെ കഴിവുകൊണ്ടാണെന്നും, അന്ന് പിണറായിയെ വാഴ്ത്തിയവർ പിന്നീട് തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ അദ്ദേഹത്തെ താഴ്ത്തിക്കാട്ടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സർക്കാരിന് ഇപ്പോൾ തന്നെ വിലയിരുത്തൽ നൽകേണ്ട സമയമായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വൈദ്യുതി പ്രശ്നത്തിൽ മുൻ സർക്കാരുകൾക്കും വീഴ്ചയുണ്ടെന്നും വിഷയത്തിൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ വേണമെന്നും അദ്ദേഹം വ്യക്തമാക്കി. മരുന്നുക്ഷാമം ആരോഗ്യമന്ത്രി തന്നെ സമ്മതിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ഭരണചക്രം തിരിക്കുന്നത് മുസ്‌ലിം ലീഗാണെങ്കിലും എം.കെ. മുനീറിന് കാബിനറ്റ് പദവി നൽകിയതിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുനീർ വർഗീയവാദിയല്ലെന്നും മാന്യനായ നേതാവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ‘മതമാണ് പ്രശ്നം’ എന്ന് ആവർത്തിച്ച് പറഞ്ഞ കെ.എം. ഷാജിയെപ്പോലുള്ളവരെ മന്ത്രിയാക്കി മുന്നോട്ടുപോയാൽ അത് എക്കാലവും അംഗീകരിക്കാനാകുമോയെന്നും മതേതരത്വം എങ്ങനെ നടപ്പാക്കാനാകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. അതേസമയം, എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായി കാബിനറ്റ് റാങ്കോടെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ച സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *