Home » Blog » Kerala » പെട്രോളിന് പകരക്കാരനായി ഇ 100 വരുന്നു; വൻ ഇന്ധനപ്രതിസന്ധിക്ക് പരിഹാരവുമായി കേന്ദ്ര സർക്കാർ.
petrol-consumption

പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധികൾ കാരണം ആഗോള ഇന്ധന വിതരണത്തിൽ അടിക്കടിയുണ്ടാകുന്ന തടസ്സങ്ങൾ മറികടക്കാൻ ബദൽ മാർഗങ്ങളുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയിൽ) ഇറക്കുമതി കുറയ്ക്കുന്നതിനായി നൂറ് ശതമാനം എഥനോൾ അടങ്ങിയ ഇ100 (E100) ഫ്‌ളെക്‌സ് ഇന്ധനത്തിന്റെ ലഭ്യത രാജ്യത്ത് വേഗത്തിലാക്കാൻ സർക്കാർ ഒരുങ്ങുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ഇ100 ഇന്ധനം ലഭ്യമാക്കുന്ന 5000 പ്രെട്രോൾ പമ്പുകൾ സ്ഥാപിക്കാനാണ് വലിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടമായി അടുത്ത ഒരു മാസത്തിനുള്ളിൽ 150 പമ്പുകൾ പ്രവർത്തനസജ്ജമാകും. ഡൽഹി, മുംബൈ, പുണെ, നാഗ്പുർ എന്നീ നഗരങ്ങളിലായിരിക്കും ആദ്യ ഇ100 പമ്പുകൾ വരുന്നത്.

 

ആദ്യ ഘട്ടത്തിന് ശേഷം അടുത്ത ആറ് മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലും ഇ100 ഇന്ധനത്തിന്റെ ലഭ്യത ഉറപ്പാക്കുമെന്നാണ് വിവരം. ഫ്‌ളെക്‌സ് ഇന്ധന വിപ്ലവവുമായി മുന്നോട്ട് പോകുന്നതുമായി ബന്ധപ്പെട്ട കൃത്യമായ റോഡ് മാപ്പ് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾക്കും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്കും കേന്ദ്ര സർക്കാർ ഇതിനകം കൈമാറിക്കഴിഞ്ഞിട്ടുണ്ട്. സാധാരണ പെട്രോളിന് പകരം, പെട്രോളിനൊപ്പം നിശ്ചിത അനുപാതത്തിൽ എഥനോളോ മെഥനോളോ ചേർത്തുണ്ടാക്കുന്ന പരിസ്ഥിതി സൗഹൃദ ഇന്ധനമാണ് ഫ്‌ളെക്‌സ് ഫ്യുവൽ എന്നറിയപ്പെടുന്നത്.

 

ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾ പൂർണ്ണതോതിൽ ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ രാജ്യത്തിന് വലിയ രീതിയിലുള്ള സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യ ഇന്ധന ഇറക്കുമതിക്കായി 10.9 ലക്ഷം കോടി രൂപയാണ് ചിലവഴിച്ചത്. ഫ്‌ളെക്‌സ് ഇന്ധനത്തിലേക്കുള്ള മാറ്റം ഈ വൻ തുകയുടെ പുറത്തേക്കുള്ള ഒഴുക്ക് തടയാൻ സഹായിക്കും. ഈ പുത്തൻ സാങ്കേതികവിദ്യ ലക്ഷ്യമിട്ട് ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ്, ടൊയോട്ട, മഹീന്ദ്ര, ഹീറോ മോട്ടോകോർപ്, ടിവിഎസ് തുടങ്ങിയ കമ്പനികളെല്ലാം തങ്ങളുടെ ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങളുടെ പ്രോട്ടോടൈപ്പുകൾ ഇതിനകം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്.