Your Image Description Your Image Description

ഡൽഹി: കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേ ത്ര ത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പൂക്കളം ഒരുക്കിയതിന് കേരള പൊലീസ് എഫ് ഐ ആ‍ർ ഇട്ട നടപടിക്കെതിരെ രൂക്ഷ വിമർശവുമായി ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഒരു കാരണവശാലും അംഗീകരിക്കാനാകാത്ത നടപടിയാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. ഇത് കേരളമാണ്, ഇന്ത്യയുടെ ഭാ​ഗമെന്നതിൽ അഭിമാനിക്കുന്ന നമ്മുടെ നാട്ടിൽ ഇതൊരിക്കലും അം​ഗീകരിക്കാനാകില്ല. ദേശസ്നേഹികളായ എല്ലാ ഭാരതീയരുടെയും അഭിമാനമാണ് ഓപ്പറേഷൻ സിന്ദൂർ. നമ്മുടെ സായുധസേനകളുടെ കരുത്തിൻ്റെയും പോരാട്ടവീര്യത്തിൻ്റെയും പ്രതീകമാണത്. തീവ്രവാദികൾ മതം ചോദിച്ച് കൊലപ്പെടുത്തിയ 26 നിരപരാധികളായ വിനോദ സഞ്ചാരികളുടെ മരണത്തിന് പകരം വീട്ടിയ ധീരമായ സൈനിക നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്നോർക്കണം. തീവ്രവാദത്തിൻ്റെ ഇരകളായ ആ 26 ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും സ്വന്തം രക്തം കൊടുത്തും രാജ്യത്തെ കാത്ത് രക്ഷിക്കുന്ന ഓരോ സൈനികനെയും അപമാനിക്കുന്നതാണ് കേരള പൊലീസിൻ്റെ ഈ എഫ് ഐ ആറെന്നും ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

 

സൈനിക വേഷത്തിൽ അതി‍ർത്തി കാക്കുകയും മൂവർണ്ണക്കൊടിക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കുകയും ചെയ്തിട്ടുള്ള ആയിരക്കണക്കിന് മലയാളികളുണ്ടെന്നത് അധികാരികൾ ഓർമ്മിക്കണം. അതിനാൽത്തന്നെ മാതൃരാജ്യത്തിനു വേണ്ടി നിലകൊള്ളുന്ന ഓരോ മലയാളിയും ഈ എഫ് ഐ ആറിനെയും നാണംകെട്ട പ്രീണന രാഷ്ട്രീയത്തെയും എതിർക്കുമെന്നതിൽ സംശയം വേണ്ടെന്നും ബി ജെ പി സംസ്‌ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു. ‘ജമാ അത്തെ ഇസ്ലാമിയോ പാകിസ്ഥാനോ അല്ല കേരളം ഭരിക്കുന്നത്. ഒരിക്കലും അങ്ങനെയാവുകയുമില്ല. ഇത് ഭാരതമാണെന്ന് കേരള പൊലീസ് മറക്കാതിരുന്നാൽ നന്ന്. അവരോടും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയനോടും പറയാനുള്ളത് രാജ്യദ്രോഹപരവും ലജ്ജാകരവുമായ ഈ എഫ് ഐ ആ‍ർ ഉടൻ തന്നെ പിൻവലിക്കണമെന്ന് തന്നെയാണെന്നും രാജീവ് ചന്ദ്രശേഖർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

 

കൊല്ലം മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലാണ് ഓപ്പറേഷൻ സിന്ദൂർ എന്നെഴുതി പൂക്കളമിട്ടതും അതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതും. പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആർഎസ്എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട പൊലീസാണ് കേസെടുത്തത്. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ക്ഷേത്രമുറ്റത്ത് രാഷ്ടീയ പാർട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്നാണ് കേസ്. കൂടാതെ ക്ഷേത്രത്തിന് മുന്നിൽ ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫ്ലക്സ് സ്ഥാപിച്ചെന്നും എഫ് ഐ ആറിൽ പറയുന്നു. ക്ഷേത്രഭാരവാഹികളുടെ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തത്. ഓപ്പറേഷൻ സിന്ദൂറിനെ ബഹുമാനിക്കുന്നുണ്ടെന്നും ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാർട്ടിയുടെ കൊടിയും ചിത്രവും ഉപയോഗിച്ചതിനെയാണ് എതിർത്തതെന്നാണ് ഭരണ സമിതി പ്രതികരിച്ചത്.

Related Posts