പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പരാതിക്കാർക്കും മാധ്യമങ്ങൾക്കും എതിരെ വിമർശനവുമായി പിഎസ്സി രംഗത്ത്. സ്ഥാപനത്തിന്റെ യശസ്സ് കളങ്കപ്പെടുത്താൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും പുറത്തുവന്ന പല പരാതികളും അടിസ്ഥാനരഹിതമാണെന്നുമാണ് പിഎസ്സിയുടെ വാദം. അതേസമയം, പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച പരാതികളുടെ എണ്ണം 100 കടന്നു. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ മുഴുവൻ പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷയിൽ 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെയാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന കണ്ടെത്തലിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഒന്നാം റാങ്ക് നേടി നിയമനം ലഭിച്ച ഇടതുസർവീസ് സംഘടനാ ഭാരവാഹിയുടെ റാങ്കിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് ഈ വൻ ക്രമക്കേട് പുറത്തുവന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ പരീക്ഷ എഴുതിയ 228 പേരുടെയും ഈ ചോദ്യങ്ങൾ നോക്കിയിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു.
