Home » Blog » Kerala » പെൻഷൻ വിതരണത്തിലെ മാറ്റങ്ങൾ വിശദീകരിച്ച് സർക്കാർ; അർഹതയില്ലാത്തവരെ ഒഴിവാക്കും
MONEY-GIEL-680x450

സാമൂഹ്യക്ഷേമ പെൻഷനുകൾ വീടുകളിൽ നേരിട്ടെത്തിക്കുന്ന രീതി ഒഴിവാക്കുന്നതിലെ കാരണങ്ങൾ വ്യക്തമാക്കി സംസ്ഥാന സർക്കാർ വിശദീകരണം പുറത്തിറക്കി. വിതരണം ചെയ്യാത്ത തുക തിരിച്ചടയ്ക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും, പോർട്ടലിലെ വിവരങ്ങളിലെ പൊരുത്തക്കേടുകൾ പരിഹരിക്കാനുമാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. അർഹതയില്ലാത്തവർ പെൻഷൻ വാങ്ങുന്നത് തടയുക, ഒന്നിലധികം പെൻഷനുകൾ കൈപ്പറ്റുന്നത് ഒഴിവാക്കുക, ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി കേന്ദ്ര സഹായം നഷ്ടപ്പെടുന്നത് തടയുക എന്നിവയാണ് പുതിയ തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ.

 

ഇനി മുതൽ സാമൂഹ്യക്ഷേമ പെൻഷനുകൾ വാണിജ്യ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമായിരിക്കും ഗുണഭോക്താക്കൾക്ക് ലഭിക്കുക. സഹകരണ ബാങ്കുകൾ മുഖേന വീടുകളിൽ പെൻഷൻ എത്തിച്ചുനൽകുന്നതിൽ ഇൻസെന്റീവ് ഇനത്തിൽ വലിയ തുക ചെലവാകുന്നുണ്ടെന്നും സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പൂർണ്ണമായും കിടപ്പിലായ രോഗികൾക്ക് നിലവിലുള്ളതുപോലെ പെൻഷൻ തുക വീടുകളിൽ തന്നെ എത്തിച്ചുനൽകും.

 

വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുമ്പോൾ ബാക്കിവരുന്ന തുക സമയബന്ധിതമായി തിരിച്ചടയ്ക്കാത്തതും, ‘സേവന’ പോർട്ടലിൽ രേഖപ്പെടുത്തലുകൾ കൃത്യമായി നടത്താത്തതുമൂലം അക്കൗണ്ട് റീകോൺസിലിയേഷനിൽ വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആധാർ അധിഷ്ഠിത വിതരണം പൂർണ്ണമാകാത്തതിനാൽ അർഹതയില്ലാത്തവർക്കും ഒരേ വ്യക്തിക്ക് ഒന്നിലധികം ബോർഡുകളിൽ നിന്നും പെൻഷൻ ലഭിക്കുന്ന സാഹചര്യമുണ്ട്. കൂടാതെ കേന്ദ്ര മന്ത്രാലയത്തിന്റെ ഡി.ബി.ടി മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ സംസ്ഥാനത്തിന് ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങൾ നഷ്ടപ്പെടുന്നതും പുതിയ തീരുമാനത്തിന് കാരണമായി.

 

കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് നൽകിയ ശുപാർശ കത്ത് വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ ഈ നിർണായക തീരുമാനത്തിലെത്തിയത്. കിടപ്പുരോഗികൾ ഒഴികെയുള്ള എല്ലാ സാമൂഹ്യസുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെയും ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി പെൻഷൻ തുക നേരിട്ടെത്തിക്കാൻ തത്ത്വത്തിൽ അംഗീകാരം നൽകി ഉത്തരവിറക്കുകയായിരുന്നു.

 

അതേസമയം, വീട്ടിൽ നേരിട്ട് പെൻഷൻ എത്തിക്കുന്ന സംവിധാനം നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പാവപ്പെട്ടവരുടെ കൈകളിൽ നേരിട്ട് തുക എത്തിച്ചിരുന്ന ജനകീയ പദ്ധതി അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. സർക്കാരിന്റെ ഈ നീക്കം യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതിഷേധം രേഖപ്പെടുത്തി.