
സംസ്ഥാനത്ത് ഉയർന്നുവന്ന പി.എസ്.സി പരീക്ഷാ തട്ടിപ്പിലും നിയമന ക്രമക്കേടുകളിലും നേരിട്ട് ഇടപെട്ട് ഗവർണർ. സംഭവവുമായി ബന്ധപ്പെട്ട് പി.എസ്.സി സെക്രട്ടറി സാജു ജോർജിനെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ കാര്യങ്ങൾ തിരക്കി. വെള്ളിയാഴ്ച വൈകീട്ട് നടന്ന കൂടിക്കാഴ്ചയിൽ, ക്രമക്കേടുകൾക്കെതിരെ വിജിലൻസും ക്രൈംബ്രാഞ്ചും നടത്തുന്ന അന്വേഷണ പുരോഗതിയും പി.എസ്.സി സ്വീകരിച്ച ആഭ്യന്തര നടപടികളും സെക്രട്ടറി ഗവർണറെ ധരിപ്പിച്ചു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും നിയമനങ്ങളിലെ പരാതികളിൽ കർശന നടപടിയുണ്ടാകുമെന്നും സെക്രട്ടറി വ്യക്തമാക്കി.
പരീക്ഷാ മൂല്യനിർണ്ണയത്തിലും ഇന്റർവ്യൂ പ്രക്രിയയിലും വൻതോതിൽ തട്ടിപ്പ് നടന്നതായും അർഹരായ ഉദ്യോഗാർത്ഥികളെ തള്ളി അനർഹർക്ക് വഴിവിട്ട് നിയമനം നൽകിയതായും വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നതോടെയാണ് വിഷയം വലിയ വിവാദമായത്. ക്രമക്കേടുകളിൽ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഗവർണറുടെ നിർണ്ണായക ഇടപെടൽ.
