
സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് ആരോഗ്യവകുപ്പ്. എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലും ഇനിമുതൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. ഒ.പി സമയത്തിന് ശേഷവും രാത്രികാലങ്ങളിലും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാധാരണക്കാരായ രോഗികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് ആളുകളെ അനാവശ്യമായി റഫർ ചെയ്യുന്നത് തടയാനും ഈ തീരുമാനം സഹായിക്കും. അടുത്ത ആറ് മാസത്തിനുള്ളിൽ പദ്ധതി സംസ്ഥാനത്തുടനീളം പൂർണ്ണമായി നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ് എന്നീ പ്രധാന വിഭാഗങ്ങളിലെ വിദഗ്ധരെയാണ് മുഴുവൻ സമയ സേവനത്തിനായി ലഭ്യമാക്കുക. ഇതിനായി നിലവിലുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിക്കും. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് പദ്ധതി ആദ്യഘട്ടമായി നടപ്പിലാക്കുന്നത്. കൂടാതെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കാത്ത് ലാബ് സൗകര്യവും സജ്ജമാക്കും. ഹെൽത്ത് സർവീസസ് അഡീഷണൽ ഡയറക്ടർ ഡോ. ഷിനു കെ. എസ് ആണ് പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ.
