
നിവിൻ പോളി നായകനായി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബേത്ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ വിജയകരമായി മൂന്നാം വാരത്തിലേക്ക് കടക്കുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളും പ്രകടനങ്ങളും മികച്ച പ്രേക്ഷകപ്രതികരണമാണ് നേടുന്നത്. ചിത്രത്തിൽ സായൂജ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി അയ്യപ്പദാസ് ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
ടിക് ടോക്കിലൂടെയും സോഷ്യൽ മീഡിയ റീലുകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയായ പാർവതി, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പുറത്തിറങ്ങിയ ‘സാത്തുക്കുടി പ്രണയം’ എന്ന ഷോർട്ട് ഫിലിമിലും തിളങ്ങിയിരുന്നു. സംവിധായകൻ ഗിരീഷ് എ.ഡിയുടെ മുൻ ചിത്രമായ ‘സൂപ്പർ ശരണ്യ’യിൽ ചെറിയൊരു വേഷം ചെയ്ത ശേഷമാണ് പാർവതിക്ക് ഈ ചിത്രത്തിലേക്ക് അവസരം ലഭിക്കുന്നത്.
തന്റെ ജീവിതത്തിൽ തനിക്കുണ്ടായ ഒരു പഴയ പ്രണയ അനുഭവം താരം അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ടിക് ടോക്ക് വീഡിയോകൾ ചെയ്തിരുന്ന കാലത്തായിരുന്നു ആ പ്രണയമെന്നും എന്നാൽ വെറും പത്ത് ദിവസത്തെ ആയുസ്സ് മാത്രമേ ആ ബന്ധത്തിന് ഉണ്ടായിരുന്നുള്ളൂ എന്നും പാർവതി പറഞ്ഞു. “പണ്ട് ഞാൻ ടിക് ടോക്ക് ചെയ്യുന്ന സമയത്ത് ഒരു പ്രണയമുണ്ടായിരുന്നു. ആ പ്രേമം 10 ദിവസം കഴിഞ്ഞപ്പോൾ പനിയാണെന്ന് പറഞ്ഞു എന്നെ തേച്ചിട്ട് പോയി. അത് എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായില്ല. പത്ത് ദിവസം ഇയാളുടെ ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നെ കാര്യം ഞാൻ തിരക്കിയപ്പോൾ പനിയാണെന്ന് പറഞ്ഞ് എന്നെ ബ്ലോക്ക് ചെയ്ത് പോയി. അങ്ങനെയുള്ള തേപ്പ് എനിക്ക് ഉണ്ടായിട്ടുണ്ട്,” പാർവതി ചിരിച്ചുകൊണ്ട് ഓർത്തെടുത്തു. സോഷ്യൽ മീഡിയയിലൂടെ കരിയർ ആരംഭിച്ച് ഇന്ന് സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ ഒരുങ്ങുകയാണ് ഈ യുവതാരം
