Home » Blog » kerala Max » “നിങ്ങൾക്ക് അതീവ ഗുരുതരമായി പരുക്കേറ്റ്, ജീവിതത്തിനായി പോരാടുകയായിരുന്നു, എന്നിട്ടും സ്വന്തം ജീവനേക്കുറിച്ച് ചിന്തിച്ചില്ല, വിമാനത്തിലെ എല്ലാ യാത്രക്കാരുടെയും ജീവനേക്കുറിച്ചാണ് ചിന്തിച്ചത്, 140 കോടി ഇന്ത്യക്കാർ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു,” – നരേന്ദ്രമോദി
17

ന്യൂഡൽഹി: സഹപൈലറ്റ് കുത്തിപ്പരുക്കേൽപ്പിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ വലിയ ദുരന്തം ഒഴിവാക്കിയ ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൈലറ്റിന്റെ ധൈര്യവും പ്രതിസന്ധി ഘട്ടത്തിലെ മനഃസാന്നിധ്യവും നിരവധി ജീവനുകളാണ് രക്ഷിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആശുപത്രിക്കിടക്കയിൽ നിന്ന് വീഡിയോ കോളിലൂടെ പ്രധാനമന്ത്രിയുമായി സംസാരിച്ച ക്യാപ്റ്റൻ മച്ചാറിനോട് അദ്ദേഹത്തിന്റെ ‘ധൈര്യവും ക്ഷമയും മനസ്സാന്നിധ്യവും’ നിരവധി ജീവനുകൾ രക്ഷിച്ചതായി മോദി പറഞ്ഞു.

“നിങ്ങൾക്ക് അതീവ ഗുരുതരമായി പരുക്കേറ്റിരുന്നു. ജീവിതത്തിനായി പോരാടുകയായിരുന്നു. എന്നിട്ടും സ്വന്തം ജീവനേക്കുറിച്ച് നിങ്ങൾ ചിന്തിച്ചില്ല, വിമാനത്തിലെ എല്ലാ യാത്രക്കാരുടെയും ജീവനേക്കുറിച്ചാണ് ചിന്തിച്ചത്. 140 കോടി ഇന്ത്യക്കാർ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു,” – പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, സംഭവ സമയത്തെ അനുഭവങ്ങൾ ക്യാപ്റ്റൻ മച്ചാർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. താൻ കോക്പിറ്റിനുള്ളിൽ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നുവെന്നും നിരവധി മുറിവുകളേറ്റ് താഴെ വീണിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ഘട്ടത്തിൽ താൻ ഒന്നും ചെയ്തില്ലെങ്കിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിക്കുമെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. 17 വർഷമായി വിമാനം പറത്തുന്ന ക്യാപ്റ്റൻ മച്ചാർ കഴിഞ്ഞ 11 വർഷമായി ക്യാപ്റ്റനായി സേവനം ചെയ്യുകയാണ്. 9,750 മണിക്കൂറിലേറെ പറക്കൽ പരിചയമുള്ള തനിക്ക് കണ്ണടച്ചാലും വിമാനത്തിന്റെ അവസ്ഥ മനസ്സിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

“എനിക്ക് ഒരുപാട് മുറിവുകളുണ്ടായിരുന്നു. ഞാൻ താഴെ വീണുപോയിരുന്നു, ഞാൻ താഴെ വീണുകിടക്കുമ്പോഴും വിമാനം താഴേക്ക് പതിക്കുകയാണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു. തുടർന്ന് എങ്ങനെയോ കോക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞു. ഇതോടെ യാത്രക്കാരും ജീവനക്കാരും അകത്തേക്ക് എത്തി സഹായിക്കുകയായിരുന്നു. സംഭവത്തിൽ തനിക്ക് മാത്രമല്ല, വിമാനത്തിലെ മറ്റുള്ളവർക്കും തുല്യ പങ്കുണ്ടായിരുന്നുവെന്നും ക്യാപ്റ്റൻ മച്ചാർ വ്യക്തമാക്കി. എല്ലാവരും ഒരുപോലെ പങ്കുവഹിച്ചു. മറ്റുള്ളവരെ മരിക്കാൻ വിട്ടുകൊടുക്കാൻ എനിക്ക് കഴിയുമായിരുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.

ഗുജറാത്തിൽ നിന്നുള്ള ക്യാപ്റ്റൻ മച്ചാർ അടുത്തിടെ മുംബൈയിൽ നിന്ന് ദുബായിലേക്ക് താമസം മാറിയതാണ്. സംഭവസമയത്ത് തനിക്ക് ധൈര്യം നൽകിയത് ഹനുമാൻ ചാലിസയാണെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. ഭയപ്പെടുമ്പോഴെല്ലാം ഹനുമാൻ ചാലിസ ചൊല്ലാറുണ്ടെന്നും വേദന അനുഭവപ്പെട്ടപ്പോഴും അതുതന്നെയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

“വേദന തോന്നുമ്പോഴെല്ലാം ഞാൻ ഹനുമാൻ ചാലിസ ചൊല്ലും. അന്നും ഞാൻ ഹനുമാൻ ചാലിസ മാത്രമാണ് ചൊല്ലിക്കൊണ്ടിരുന്നത്. ദൈവമാണ് എന്നെ രക്ഷിച്ചതെന്ന് എനിക്ക് അറിയാം,” ക്യാപ്റ്റൻ മച്ചാർ പറഞ്ഞു. രണ്ട് വയസ്സുള്ള മകനും എല്ലാ ദിവസവും രാവിലെ ഹനുമാൻ ചാലിസ ചൊല്ലിക്കൊടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ക്യാപ്റ്റൻ മച്ചാർ ചെയ്തതിനെ വലിയ ദൗത്യം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള ആളുകൾ അദ്ദേഹത്തെ കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.

“നിങ്ങൾ വിമാനം രക്ഷിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്കും ഇന്ത്യയിലെ എല്ലാ പൈലറ്റുമാർക്കും പിന്നീട് എന്തെല്ലാം നേരിടേണ്ടിവരുമായിരുന്നുവെന്ന് ആർക്കറിയാം. ആ പൈലറ്റുമാരെ ആളുകൾ എങ്ങനെ കാണുമായിരുന്നുവെന്നും അറിയില്ല. നിങ്ങൾ എല്ലാവരെയും രക്ഷിച്ചു. നിങ്ങൾ അത്യന്തം മഹത്തായ കാര്യമാണ് ചെയ്തത്,”- പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *