Home » Blog » Kerala » ‘നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് (2026–2029)’: കേരളത്തെ മാതൃകയാക്കി അമിത്ഷായും; മയക്കുമരുന്ന് മാഫിയകളെ തകർക്കാൻ വൻ കർമ്മ പദ്ധതി
1

ന്യൂഡൽഹി: രാജ്യത്തെ ലഹരിമരുന്ന് ശൃംഖലകൾ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ കർമ്മപദ്ധതിയുമായി കേന്ദ്രസർക്കാർ. കേരളത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള നടപടികൾക്ക് തുടർച്ചയായി കൂടുതൽ ശക്തമായ ദേശീയ പദ്ധതിയാണ് കേന്ദ്രം നടപ്പാക്കുന്നത്. ‘നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് (2026–2029)’ എന്ന പേരിലുള്ള പുതിയ ലഹരിവിരുദ്ധ പദ്ധതിയാണ് നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തിന് സമർപ്പിക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട ലക്ഷ്യങ്ങളും സമയപരിധികളും വ്യക്തമാക്കുന്ന സമഗ്ര പദ്ധതിയാണിത്.

പദ്ധതിയുടെ തുടക്കമായി, രാജ്യവ്യാപകമായി വിവിധ ഏജൻസികൾ പിടിച്ചെടുത്ത ഏകദേശം 6,000 കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ നാളെ ഒറ്റയടിക്ക് നശിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലഹരി മാഫിയകൾക്കെതിരായ ശക്തമായ മുന്നറിയിപ്പായിരിക്കും ഈ നടപടിയെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. പുതിയ പദ്ധതിയുടെ ഭാഗമായി ലഹരി കടത്തും വിതരണവും തടയുന്നതിനായി ജില്ലാ തലത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. ഓരോ പ്രദേശത്തെയും പ്രധാന ലഹരി സംഘങ്ങളെ കണ്ടെത്തി ഇല്ലാതാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

കൂടാതെ, ലഹരിക്കേസുകളിൽ ഉൾപ്പെട്ട പ്രതികളെ കൃത്യമായി നിരീക്ഷിക്കുന്നതിനായി രാജ്യവ്യാപക ഡിജിറ്റൽ ഡാറ്റാബേസ് ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ എല്ലാ സംസ്ഥാന ഇന്റലിജൻസ് ബ്യൂറോകളിലും പ്രത്യേക വിഭാഗങ്ങൾ രൂപീകരിക്കും.