കൊച്ചി: ‘അമ്മ’യിൽ ഭരണസമിതിയുടെ പരിചയക്കുറവുമൂലമാണ് പാളിച്ചകൾ സംഭവിച്ചതെന്ന് നടി ബീന ആന്റണി. നിലവിലെ ഭരണസമിതിയിൽ ചേരിതിരിവും ഗ്രൂപ്പുമുണ്ടായി. സംഘടനയിലെ കുറച്ചുപേർക്ക് ഈ ഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ അത് കാണാൻ സാധിച്ചു. ആ ഘട്ടത്തിൽ സ്ത്രീകൾക്ക് അവിടെ ശബ്ദമുണ്ടായില്ലെന്നും ബീന ആന്റണി പ്രതികരിച്ചു. അമ്മയിലെ മുതിർന്ന അംഗങ്ങൾ കൈനീട്ടം വാങ്ങിക്കുന്നവരായതിനാൽ കമ്മിറ്റിയിലിരിക്കാനോ മത്സരിക്കാനോ കഴിയില്ല. ഈ സ്ഥിതിക്ക് മാറ്റം വരണമെന്നും ബീന ആന്റണി വ്യക്തമാക്കി.
“നമ്മളൊക്കെ പുറത്തുനിൽക്കുന്ന ആളുകളാണ്. അവിടെ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ല. ജനറൽ ബോഡിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവങ്ങൾ എത്രമാത്രം ഗൗരവമുള്ളതാണെന്ന് മനസിലായത്. സംഘടനയുമായി ബന്ധപ്പെട്ട് പലരും പുറത്തുവന്ന് സംസാരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അവിശ്വാസപ്രമേയം ഉണ്ടായിരുന്നു. പുറത്തുനിൽക്കുന്നവരായതിനാൽ ആർക്കൊപ്പം നിൽക്കണമെന്നത് ആശയക്കുഴപ്പമുണ്ടാക്കി. സംഘടനയ്ക്കുള്ളിൽത്തന്നെ രണ്ട്, മൂന്ന് ഗ്രൂപ്പുകൾ വന്നു. അതോടെ ഒരാൾ പറയുന്നത് വേറൊരാൾക്ക് ഇഷ്ടമില്ലാതായി, ഒരാൾ മറ്റൊരാളെ തകർക്കാൻ നോക്കി എന്നതുപോലുള്ള പ്രശ്നങ്ങളുണ്ടായി. ശ്വേത അവിടെ വന്ന് സംസാരിച്ചപ്പോൾ അവരുടെ തെറ്റുതിരുത്താൻ ഒരവസരംകൂടി നൽകണമെന്ന് തോന്നി. 45 ദിവസമല്ലേ ചോദിച്ചുള്ളൂ. കണക്കുകളിൽ അവർ യാതൊരുവിധ ക്രമക്കേടുകളും ചെയ്തിട്ടില്ല. ഈ ഭരണസമിതി കയറുമ്പോൾ ഉണ്ടായിരുന്ന സംഖ്യ ഇപ്പോഴും അവിടെത്തന്നെയുണ്ട്.
സ്ത്രീകൾക്ക് ശബ്ദമുയർത്താൻ ഒരവസരം ഉണ്ടായില്ലെന്ന സങ്കടമുണ്ട്. ഈ ഭരണസമിതിയെ മുന്നോട്ടുകൊണ്ടുപോകേണ്ട എന്ന് ചിലർക്ക് ആഗ്രഹമുണ്ടായിരുന്നു. കൈനീട്ടം വാങ്ങുന്നവർക്ക് മത്സരിക്കാൻ പറ്റില്ലെന്ന് പറയുന്നത് കഷ്ടമാണ്. അവർക്ക് വോട്ടവകാശമില്ല. അഡ്ഹോക് കമ്മിറ്റിയിൽപ്പോലും അവർക്ക് സ്ഥാനമില്ല. ഓണററി അംഗങ്ങളാണെന്നാണ് പറയുന്നത്. ലാലേട്ടൻ തന്നെ തലപ്പത്ത് വരണമെന്നാണ് ആഗ്രഹം. അദ്ദേഹത്തിന്റെ വാക്കാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം.” – ബീന ആന്റണി പറഞ്ഞു.
